നെയ്യാറ്റിന്‍കരയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Nov 6, 2018, 11:22 AM IST
Highlights

ഗൗരവമായ സംഭവമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. ആവശ്യമായ ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുമെന്നും ഡിവെെഎശസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും പിണറായി വിജയന്‍

കോഴിക്കോട്:  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെയ്യാറ്റിന്‍കരയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്.

ഡിവൈഎസ്പിക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.  യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം  നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ സംഭവമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.

ആവശ്യമായ ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുമെന്നും ഡിവെെഎസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണർ സുജിത് ദാസിനാണ് അന്വേഷണ ചുമതല. ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്പി പി.അശോക് കുമാറും പറഞ്ഞു.

ഹരികുമാർ സംഭവസ്ഥലത്ത് പോയത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി കൂട്ടിച്ചേര്‍ത്തു. കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.

കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നേരത്തെ, ഡിവെെഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവശേഷം ഹരികുമാര്‍ ഒളിവിലാണ്. 

click me!