ഏറ്റവും കുറവ് ശിശുമരണ നിരക്ക്; കേരളം നമ്പര്‍ 1

Published : Nov 02, 2018, 09:47 PM IST
ഏറ്റവും കുറവ് ശിശുമരണ നിരക്ക്; കേരളം നമ്പര്‍ 1

Synopsis

മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനായി സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 ഓടു കൂടി ശിശുമരണ നിരക്ക് എട്ട് ആക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. ശിശുമരണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിന് ഈ അംഗീകാരം ലഭിച്ചത്. മിസോറാം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

'പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍ രീതികളും പകര്‍ത്താവുന്ന ശീലങ്ങളും' എന്ന വിഷയത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആസാമിലെ കാസിരംഗയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനായി സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 ഓടു കൂടി ശിശുമരണ നിരക്ക് എട്ട് ആക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായും പോഷണത്തിനായും വിവിധ ശാസ്ത്രീയ കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം മരുന്നുകള്‍ നല്‍കുന്നത് കേരളത്തിലെ ജനങ്ങള്‍ ശീലമാക്കിയതും പൊതുമേഖലയിലെ ആശുപത്രികളില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, ന്യൂ ബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ്, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ തുടങ്ങിയതും മെഡിക്കല്‍ കോളേജുകളില്‍ ന്യൂ ബോണ്‍ ഐ.സി.യു. ശക്തിപ്പെടുത്തിയതും സംസ്ഥാനത്തെ ശിശുമരണ നിരക്ക് കൃത്യമായി വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതും കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ച ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവലംബിക്കുന്ന മാതൃകാപരമായ ആരോഗ്യ ശീലങ്ങളും നവരീതികളും പങ്കുവയ്ക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. 2017ലെ ദേശീയ സമ്മേളനത്തിന് ശേഷം 250 നവ രീതികളാണ് ദേശീയ ഹെല്‍ത്ത് ഇന്നവേഷന്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററും ഇത് വിലയിരുത്തിയ ശേഷം 39 എണ്ണമാണ് തെരഞ്ഞെടുത്തത്. നിപ വൈറസ് പ്രതിരോധവും അനുഭവവും, ശലഭം - കുഞ്ഞ് ഹൃദയങ്ങള്‍ക്കായുള്ള ഹൃദ്യം, ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ്, ക്ഷയരോഗം, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മാതൃക എന്നിങ്ങനെ 5 നവരീതികളാണ് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം