
കാരക്കാമല: ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയയ്ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാനന്തവാടി കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി. കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. എന്നാല്‍ സിസ്റ്റര്‍ ലൂസിയെ വിലക്കിയത് പ്രതികാര നടപടികളുടെ ഭാഗമായല്ലെന്ന് കാരക്കാമല പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കുന്നു.
പള്ളിയില്‍ അസാധാരണ ശ്രുശ്രൂഷകരെ നിയമിക്കുന്നത് പള്ളി വികാരിയാണ്. വിശ്വാസ പരിശീലനം നല്‍കേണ്ടവരെ നിയമിക്കേണ്ടതും വികാരിയച്ചന്‍ തന്നെയാണ്. കുര്‍ബാന നല്‍കുന്നതിനും വിശ്വാസ പരിശീലനം നല്‍കുന്നതിനും നിയോഗിക്കപ്പെടുന്നവര്‍ ഇടവകാ സമൂഹത്തിന് സമ്മതരും തിരുസഭയുടെ നടപടിക്രമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കണം എന്ന് സഭാനിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണെന്ന് ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ വിശദമാക്കുന്നു.
അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും സിസ്റ്റര്‍ ലൂസി നടത്തിയ പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദര്‍ശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ആരോപിക്കുന്നു. ഇടവക ജനങ്ങളില്‍ പലരും ഇത് തന്നെ ഫോണിലൂടെ അറിയിച്ചിരുന്നു. ഇടവകയിലെ വിശ്വാസികള്‍ക്ക് സിസ്റ്റര്‍ ലൂസി വിശ്വാസ പരിശീലനം നല്‍കുന്നതിലും കുര്‍ബാന കൊടുക്കുന്നതിലും ബുദ്ധിമുട്ടുള്ളതിനാലാണ് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വിശദമാക്കുന്നു. രൂപതയ്ക്കും , വികാരിയച്ചനും സിസ്റ്റര്‍ ലൂസിക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ല. ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ മാനിച്ചാണ് വിവരം മദര്‍ സുപ്പീരിയറുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam