
തിരുവനന്തപുരം: പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് വച്ച് പൊലീസുകാരെ ക്രൂരമായി തല്ലിയ എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കാത്തതിന് കന്‍റോൺമെന്‍റ് സിഐ സജ്ജാദിനെ സ്ഥലംമാറ്റി. ട്രാഫിക്കിലേക്കാണ് സിഐയ്ക്ക് സ്ഥലംമാറ്റം. പ്രതികളെ പിടികൂടുന്നതിൽ സിഐ വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
പൊലീസുകാരെ ആക്രമിച്ച എസ്എഫ്ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിൽ ഡിസംബർ 12-ാം തീയതി പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ വച്ചാണ് പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയത്. വൈകിട്ട് ആറ് മണിയോടെ ഇതുവഴി വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്‍നൽ തെറ്റിച്ച് യൂ ടേൺ എടുക്കാൻ ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുദ്യോഗസ്ഥനായ അമൽ കൃഷ്ണ തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ കോളറിൽ പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർ സ്ഥലത്തെത്തിയപ്പോൾ അവരെയും മർദ്ദിച്ചു.
സംഭവം അറിഞ്ഞതിന് പിന്നാലെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാർ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാർ നോക്കി നിൽക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമിൽ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നത്.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പകരം ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക പരിശോധന നടത്തിയശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന് മൊഴിയെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് രാത്രി മാത്രം. ഇത് കന്‍റോൺമെന്‍റ് എസ്ഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.
എസ്എഫ്ഐക്കാർ പൊലീസിനെ തല്ലിയ ദൃശ്യങ്ങൾ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam