
രാജസ്ഥാൻ: പ്രണയകുടീരമായ താജ്മഹൽ സന്ദർശിക്കാനെത്തുന്നവർക്ക് ശല്യക്കാരായി കുരങ്ങൻമാർ. ഇവയെ തുരത്താൻ തെറ്റാലിയുമായി സിഐഎസ്എഫ് ജവാൻമാരെ രംഗത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം താജ്മഹൽ സന്ദർശിക്കാനെത്തിയെ വിദേശവനിതയ്ക്ക് കുരങ്ങൻമാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കുരങ്ങൻമാരെ ഓടിക്കാൻ തെറ്റാലിയുമായി താജ്മഹലിന്റെ കിഴക്ക്-പടിഞ്ഞാറ് കവാടങ്ങളിൽ സേന നിലയുറപ്പിച്ചിരിക്കുകയാണ്.
സന്ദർശകർക്ക് മാത്രമല്ല, ഈ ചരിത്രസ്മാരകത്തിനും കുരങ്ങൻമാർ കേടുപാടുകൾ ഉണ്ടാക്കുന്നു. ചില വിദേശികൾ കുരങ്ങൻമാരുടെ ഫോട്ടോ എടുക്കാറുണ്ട്. ഇവയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണിതെന്ന് സൈനികരിലൊരാൾ അഭിപ്രായപ്പെടുന്നു. ഇതല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇവയ്ക്കെതിരെ പ്രയോഗിക്കാൻ കഴിയില്ലെന്നും ജവാൻമാർ പറയുന്നു. സന്ദർശകർ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളടങ്ങിയ ബാഗും മറ്റും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരങ്ങിൻകൂട്ടം എത്തുന്നത്.
ചിലർ ഇവയ്ക്ക് ഭക്ഷണസാധനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. കുരങ്ങൻമാർ പോകാതെ ഇവിടെത്തന്നെ തമ്പടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണെന്ന് പ്രദേശവാസികൾ പറയുന്നു. കുരങ്ങൻമാരിൽ നിന്ന് അകലം പാലിക്കുക എന്ന നിർദ്ദേശമുൾപ്പെടുത്തിയ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളിൽ പലരും ഇവയിൽ നിന്നും അതിരൂക്ഷമായ ശല്യം നേരിടുന്നുണ്ടെന്ന് സമീപത്തെ കടയുടമ വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam