ലോക്നാഥ് ബെഹ്റ സിബിഐ തലപ്പത്ത് എത്തുമോ ? സെലക്ഷൻ സമിതി പട്ടികയില്‍ ബെഹ്റയും

By Web TeamFirst Published Jan 25, 2019, 10:07 AM IST
Highlights

1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ലോക്നാഥ് ബെഹ്റയുടെ പേരും ഉൾപ്പെടുത്തിയത്. 79 പേരുകളാണ് ഇന്നലെ ചേർന്ന സെലക്ഷൻ സമിതി ചർച്ച ചെയ്തത്.

ദില്ലി: പുതിയ സിബിഐ മേധാവിയെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ സമിതി ചര്‍ച്ച ചെയ്ത പട്ടികയില്‍ കേരള ഡിജിപി ലോക്നാഥ് ബെഹ്റയുടെയും പേരും. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ലോക്നാഥ് ബെഹ്റയുടെ പേരും ഉൾപ്പെടുത്തിയത്. 79 പേരുകളാണ് ഇന്നലെ ചേർന്ന സെലക്ഷൻ സമിതി ചർച്ച ചെയ്തത്. 

അതേസമയം ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ സമിതി യോഗം മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. യോഗം വീണ്ടും ചേര്‍ന്നേക്കും. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. 

സീനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് അംഗങ്ങള്‍. 
അലോക് വര്‍മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉന്നതാധികാര സമിതി യോഗം ചേർന്നത്.

click me!