
കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്‍റേയും, കൃപേഷിന്‍റേയും വീട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറി. മുഖ്യമന്ത്രി വരുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.
വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് എത്തിയിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ല താത്പര്യം അദ്ദേഹം അറിയിച്ചത്. ഇതേ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ആശയവിനിമയം ആരംഭിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയാല്‍ അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടാക്കുമോ എന്നതായിരുന്നു സിപിഎം നേതൃത്വം പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ പ്രതികരണം ഏത് രീതിയിലാവും എന്ന് പറയാനാവില്ല എന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെ അറിയിച്ചു എന്നാണ് സൂചന.
യുവാക്കുളടെ ദാരുണമായ കൊലപാതകത്തില്‍ ജനവികാരം ഇളക്കി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി പെരിയയിലേക്ക് പോകരുതെന്ന അഭിപ്രായം പൊലീസും ബന്ധപ്പെട്ടവരെ അറിയിച്ചു എന്നാണ് സൂചന. ഇതോടെയാണ് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനുള്ല തീരുമാനം മുഖ്യമന്ത്രി റദ്ദാക്കിയത്. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി അവിടെ വച്ച് സിപിഎം ജില്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കണ്ട മുഖ്യമന്ത്രി ജില്ലയിലെ ക്രമസമാധാന നിലയക്കെുറിച്ചും ചര്‍ച്ച നടത്തി.
കാസര്‍ഗോഡ് രണ്ട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി അതിനു ശേഷം കാഞ്ഞാങ്ങാട്ടേക്ക് ആണ് പോകുന്നത്. മുഖ്യമന്ത്രിയുടെ യാത്രാമധ്യേ പ്രതിഷേധമുണ്ടായേക്കാം എന്ന സൂചനയെ തുടര്‍ന്ന് പരിപാടി നടക്കുന്ന വേദികളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും പൊലീസ് സുരക്ഷയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam