സർക്കാറിനെ വലിച്ചിടാൻ ഈ തടി പോര, അത് ഗുജറാത്തിൽ മതി; അമിത് ഷായോട് മുഖ്യമന്ത്രി

By Web TeamFirst Published Oct 28, 2018, 7:16 PM IST
Highlights

'നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവൺമെന്‍റ്. ചൊൽപ്പടിയ്ക്ക് നിൽക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?' മുഖ്യമന്ത്രി ചോദിയ്ക്കുന്നു.

തിരുവനന്തപുരം: ആവശ്യമെങ്കിൽ സംസ്ഥാനസർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ''സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തിൽ മതി. ബിജെപിയ്ക്ക് ഈ മണ്ണിൽ ഒരിയ്ക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത്?'' മുഖ്യമന്ത്രി ചോദിച്ചു.

'നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവൺമെന്‍റ്. ചൊൽപ്പടിയ്ക്ക് നിൽക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?' മുഖ്യമന്ത്രി ചോദിയ്ക്കുന്നു. 'അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോകും. ഈ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സാധാരണ അൽപൻമാരോട് മറുപടി പറയേണ്ടതില്ല. എന്നാൽ ഇതിന് പിന്നിൽ അണി നിരന്ന ചിലരുണ്ട്. അവർ കൂടി അറിയാനാണ് ഇത് പറയുന്നത്. എത്ര കാലമായി ബിജെപി ഈ മണ്ണിൽ രക്ഷപ്പെടാൻ നോക്കുന്നു? വല്ലതും നടന്നോ? നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ലെന്ന് ഓർക്കണം.' മുഖ്യമന്ത്രി പറഞ്ഞു.

'ഒറ്റക്കാര്യം മാത്രമേ സർക്കാരിന് വാശിയുള്ളൂ. സംസ്ഥാനം ഭരിയ്ക്കുന്ന സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയേ പറ്റൂ. അത് സർക്കാർ ധിക്കരിക്കണോ? അങ്ങനെ വേണമെങ്കിൽ ബിജെപി പറയട്ടെ. ഇനി നാളെ സുപ്രീംകോടതി നിലപാട് മാറ്റിയാലോ? അപ്പോൾ സർക്കാർ അത് നോക്കും. അതിൽ തർക്കമില്ല. എന്നാൽ സിപിഎമ്മിന് ഇക്കാര്യത്തിലൊരു നിലപാടുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരേ അവകാശമാണുള്ളത്. അത് ഞങ്ങളുടെ നിലപാട്.' മുഖ്യമന്ത്രി വ്യക്തമാക്കി.

'രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണോ? ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണ്.' മുഖ്യമന്ത്രി പറയുന്നു. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

'ശബരിമല റിപ്പോർട്ടിംഗിന് പോയ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. പിറകിൽ മൂർച്ചയുള്ള സാധനം കൊണ്ട് കുത്തിയിട്ട് 'ഇതു പറയെടാ' എന്നായിരുന്നു ഭീഷണി.നിങ്ങളിനിയും വന്നോളൂ, ശബരിമലയിൽ അഴിഞ്ഞാടിക്കോളൂ എന്ന് പറയണോ? എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ നി‍ർഭയം വരാൻ കഴിയണം.' അവിടെ ഒരു അക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!