സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ. ഘട്ടം ഘട്ടമായി മദ്യ വർജനം എന്നു പറഞ്ഞു വന്നവരാണെന്നും അന്നത്തെ പരസ്യത്തിൽ അഭിനയിച്ച രണ്ടു പേരും ഇന്നില്ല, അവരുടെ ആത്മവിനോട് ചെയ്യുന്ന നീതികേടാണ് ഇതെന്നും എംകെ മുനീര്‍ പ്രതികരിച്ചു. കൂടാതെ തീരുമാനം പിൻവലിക്കണം എന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറമെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഇതാണിപ്പോള്‍ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവര്‍ത്തന സമയത്തിൽ രണ്ടു മണിക്കൂര്‍ കൂട്ടി നീട്ടണമെന്ന് ബാറുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ അനുമതി നൽകുമ്പോള്‍ മറ്റു ബാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകള്‍ ഉന്നയിച്ചിരുന്നു. ടൂറിസം മേഖല പരിധിയിലെ ബാറിന് തൊട്ടു അതിര്‍ത്തിയിലെ ബാര്‍ രാത്രി 11വരെ പ്രവര്‍ത്തിക്കുന്നതും അനുമതിയുള്ള ബാര്‍ രാത്രി 12വരെ പ്രവര്‍ത്തിക്കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുകയാണെന്നും ഉടമകളുടെ പരാതിയുണ്ട്.



