
അദാനി, റിലയൻസ്, എസ്സാര്‍ എന്നീ കമ്പനികള്‍ ഉൾപ്പെട്ട കല്‍ക്കരി ഇറക്കുമതി കേസ് കേന്ദ്രം അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. 29,000 കോടി രൂപയുടെ അഴിമതിക്കേസില്‍ അന്വേഷണം തുടങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഇല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
വിദേശത്ത് നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത കേസില്‍ 29,000 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് 2014 ഒക്ടോബറിലാണ് ഡയറ്കടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്റ്സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എസ്സാര്‍ , റിലയന്‍സ് ,അദാനി എന്നിവ ഉള്‍പ്പെടെയുള്ള കന്പനികള്‍ക്ക് നോട്ടീസും നല്‍കി. കേസില്‍ ഒരു പുരോഗതിയും ഇല്ലാത്തതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് അഡ്വ പ്രശാന്ത് ഭൂഷണ്‍ 2017 ല്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നതിലെ തടസ്സമാണ് കാരണം എന്നാണ് വാദം . ഇതിനിടയില്‍ മൂന്ന് തവണ നരേന്ദ്ര മോദി സിംഗപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ രേഖകള് ലഭ്യമാക്കാന്‍ നരേന്ദ്ര മോദി എന്ത് ഇടപടെല്‍ നടത്തിയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
റോബർട്ട് വാധ്രയുടെ കേസ് ബിജെപി വീണ്ടും സജീവമാക്കുമ്പോഴാണ് കോൺഗ്രസ് മറ്റൊരു അഴിമതികഥ കൂടി പുറത്തെടുക്കുന്നത്. ഇതിനിടെ റഫാൽ യുദ്ധവിമാനകരാറിനെ ചൊല്ലിയുള്ള വിവാദം തുടരവെ വ്യോമസേനയ്ക്ക് 118വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . ഒന്നരലക്ഷം കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട നടപടികൾ ഈ മാസം തുടങ്ങാനാണ് ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam