റഫാൽ; മോദിക്കെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Aug 29, 2018, 7:51 AM IST
Highlights

പ്രധാനമന്ത്രി അനിൽ അംബാനിക്ക് മുൻകൂട്ടി ചോർത്തി നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി പറയാതെ അനില്‍ അംബാനി ഇതറിയാന്‍ വഴിയില്ല

ദില്ലി:  റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി കോൺഗ്രസ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവരം പ്രധാനമന്ത്രി അനിൽ അംബാനിക്ക് മുൻകൂട്ടി ചോർത്തി നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി പറയാതെ അനില്‍ അംബാനി ഇതറിയാന്‍ വഴിയില്ല.

മോദിയും അംബാനിയും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണിത്. വിദേശകാര്യമന്ത്രാലയത്തെ പോലും മോദി ഇരുട്ടില്‍ നിര്‍ത്തി. 2015 ഏപ്രില് 10 നാണ് റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്. ഇതിന് 12 ദിവസം മുന്പ് തന്നെ കരാറിനുള്ള തീരുമാനം നരേന്ദ്ര മോദി റിലയൻസ് കമ്പനിയുടെ അനില്‍ അംബാനിയെ അറിയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിദേശകാര്യ, പ്രതിരോധമന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു നടപടിയെന്നും കോൺഗ്രസ് വക്താവ് എസ്. ജയ്പാൽ റെഡ്ഡി പറഞ്ഞു. എന്നാൽ, ആരോപണത്തിന് ആധാരമായി എന്തെങ്കിലും തെളിവ് കോൺഗ്രസ് ഹാജരാക്കിയില്ല.

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിനും നേതാക്കള്‍ക്കുമെതിരെ അനില്‍ അംബാനി 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ചർച്ച ചെയ്യാൻ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയിൽ ചേർന്നു. കോൺഗ്രസ് ആരോപണം ചെറുക്കുന്ന വിഷയവും യോഗത്തിൽ ചർച്ചയായി.

click me!