സിബിഐ ഡയറ്കടറെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു

By Web TeamFirst Published Nov 3, 2018, 4:01 PM IST
Highlights

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കേ സിബിഐ ഡയറക്ടരെ നീക്കാനാവു എന്നും എന്നാല്‍ സുപ്രീംകോടതി വിധി കേന്ദ്രം ലംഘിച്ചെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന  ഖര്‍ഗെ ഹര്‍ജിയില്‍ പറഞ്ഞു. 

ദില്ലി: സിബിഐ ഡയറക്ടർ അലോക് വർമ്മയെ നീക്കിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. റഫാൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിക്കുന്നത് തടയാനാണ് സർക്കാർ ശ്രമമെന്ന് കോൺഗ്രസ് ആവർത്തിച്ചു. അർ‍ദ്ധരാത്രിയിലെ അട്ടിമറിക്കെതിരെ മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്പിന്നാലെ കോൺഗ്രസ് കൂടി കോടതിയിൽ എത്തുകയാണ്. രണ്ടു കൊല്ലത്തെ കാലാവധിയാണ് സിബിഐ ഡയറക്ടർക്കുള്ളത്.

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കേ സിബിഐ ഡയറക്ടരെ നീക്കാനാവു എന്നും എന്നാല്‍ സുപ്രീംകോടതി വിധി കേന്ദ്രം ലംഘിച്ചെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന  ഖര്‍ഗെ ഹര്‍ജിയില്‍ പറഞ്ഞു. സുപ്രീം കോടതി ഈ മാസം 14നാണ് കേസ് പരിഗണിക്കുക. സിബിഐ ഡയറക്ടർ സ്ഥാനത്ത് കോടതി ഇടപെട്ട് അലോക് വർമ്മയെ തിരിച്ചെത്തിച്ചാൽ രാഷ്ട്രീയ വിജയം അവകാശപ്പെടുക എന്നതും കോൺഗ്രസ് ലക്ഷ്യമാണ്. 

റഫാൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിക്കാനിരിക്കെയാണ് സിബിഐ ഡയറക്ടറുടെ മാറ്റമെന്നും കോൺഗ്രസ് പറയുന്നു. അലോക് വർമ്മയ്ക്കെതിരെയുള്ള അന്വേഷണത്തിന് രണ്ടാഴ്ചത്തെ സമയമാണ് കോടതി വിജിലൻസ് കമ്മീഷന് നല്കിയത്. ഇതിനിടെ മുൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ മനോജ് പ്രസാദിൻറെ ജാമ്യപേക്ഷ ദില്ലി പട്യാലഹൗസ് കോടതി വിധി പറയാനായി മാറ്റി.

click me!