
ദില്ലി: നാവിക സേനയിലെ സുപ്രധാന ജോലികള്‍ക്ക് വനിതകള്‍ക്കും അവസരമൊരുങ്ങുന്നു. നാവികസേനാ കമാൻഡർമാരുടെ യോഗത്തിലാണ് നാവിക സേനയിലെ പ്രാധാന്യമുള്ള മേഖലകളിലേക്ക് കൂടി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പങ്കെടുത്ത യോഗം വെള്ളിയാഴ്ചയാണ് സമാപിച്ചത്.
സ്ത്രീകളെ നാവികരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമായാണ് യോഗത്തിൽ മന്ത്രി ചർച്ച ചെയ്തത്. സ്ത്രീകൾക്ക് സേനയിൽ കൂടുതൽ അവസരങ്ങളും ചുമതലകളും നൽകണമെന്ന് യോഗത്തിൽ മന്ത്രി നിർദേശിച്ചു. സമുദ്രത്തിൽ പോകുന്ന ചുമതലകളിൽ സ്ത്രീകളെ നിയമിക്കുന്ന കാര്യത്തിൽ വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്ന് നാവിക സേനാമേധാവി അഡ്മിറൽ സുനിൽ ലംബ വ്യക്തമാക്കി.
നിലവിൽ നാവികസേനയിലെ പല തസ്തികകളിലായി സ്ത്രീകൾക്ക് നിയമനം നൽകുന്നുണ്ട്. എന്നാൽ, സമുദ്രത്തിൽ പോകുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ സ്ത്രീകൾക്ക് ഇതുവരെ നൽകിയിട്ടില്ല. നാവികസേനയുടെ ഐഎൽ-38, പി-8ഐ തുടങ്ങിയ സൈനിക രംഗനിരീക്ഷണ വിമാനങ്ങളിൽ നിരീക്ഷകരായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ 148 മെഡിക്കൽ ഓഫീസർമാരും രണ്ട് ഡെന്റൽ ഓഫീസർമാരും ഉൾപ്പെടെ 639 സ്ത്രീകൾ നാവികസേനയിൽ നിലവിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam