നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം, മോദി ജനങ്ങളോട് എഴുന്നേറ്റ് നിന്ന് മാപ്പ് പറയണം; കോണ്‍ഗ്രസ്

By Web TeamFirst Published Nov 7, 2018, 10:37 AM IST
Highlights

മെച്ചപ്പെട്ട് വന്ന രാജ്യത്തെ  സമ്പത്ത് വ്യവസ്ഥയെ തീർത്തും ഉന്മൂലനം ചെയ്യുന്നതായിരുന്നു നോട്ട് നിരോധനം. മോദിയുടെ പരിഷ്കാരം തുഗ്ലക്കിന്റെ പരിഷ്കാരങ്ങൾക്ക് സമാനമാണ്; തിവാരി ആരോപിച്ചു. 

ദില്ലി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാർ നാടിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും തിവാരി ആരോപിച്ചു. ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം നടത്തിയ നവംബര്‍ എട്ടാം തിയതി രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു.
മോദി സർക്കാരിന്റെ  നോട്ട് നിരോധനം ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയതല്ലാതെ ഉപകാരങ്ങൾ ഒന്നും ചെയ്തിട്ടില്ല. മെച്ചപ്പെട്ട് വന്ന രാജ്യത്തെ  സമ്പത്ത് വ്യവസ്ഥയെ തീർത്തും ഉന്മൂലനം ചെയ്യുന്നതായിരുന്നു നോട്ട് നിരോധനം. മോദിയുടെ പരിഷ്കാരം തുഗ്ലക്കിന്റെ പരിഷ്കാരങ്ങൾക്ക് സമാനമാണ്; തിവാരി ആരോപിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ ഒരു കാര്യവും നടന്നിട്ടില്ലെന്നും  2016 നവംബര്‍ എട്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ കള്ള പണം ഇപ്പോള്‍ പ്രവഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ച മോദി ജനങ്ങളോട് എഴുന്നേറ്റ് നിന്ന് മാപ്പ് പറയണമെന്നും തിവാരി ആവശ്യപ്പെട്ടു. അതേ സമയം നിരോധിച്ച  നോട്ടുകളില്‍ 99.39% പണവും തിരിച്ചെത്തിയതായി ആര്‍ബിഐ തന്നെ വെളിപ്പെടുത്തിയെന്നും നോട്ട് റദ്ദാക്കിയതിനു വന്ന ചിലവുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറായില്ലെന്നും ആര്‍.ടി.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

click me!