
അഹമ്മദാബാദ്: അഹമ്മദാബാദിനെ 'കര്‍ണാവതി' ആക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഉത്തർപ്രദേശ് സർക്കാർ ഫൈസാബാദിന്‍റെ പേര് മാറ്റി അയോധ്യ ആക്കിയതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാരിന്‍റെ തീരുമാനം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഹമ്മദാബാദിനെ 'കര്‍ണാവതി'യായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിയമ തടസങ്ങളില്ലെങ്കിൽ പേര് മാറ്റാൻ ഞങ്ങൾ എപ്പോഴും ഒരുക്കമാണെന്ന് നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര് മാറ്റുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ നീക്കം സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണം പോലെ ഹിന്ദു വോട്ട് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക പൈതൃക പദവിയിലുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. ആദ്യ കാലഘട്ടങ്ങളിൽ ആസാവല്‍ എന്നായിരുന്നു ഇന്നത്തെ അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. ശേഷം ആസാവല്‍ രാജാവിനെ യുദ്ധത്തില്‍ പാരജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണ സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1411 ല്‍ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുല്‍ത്താന്‍ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന നാമം നല്‍കി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണെന്നും അത് ഭഗവാൻ ശ്രീരാമന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും പ്രഖ്യാപനം നടത്തികൊണ്ട് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. ഭഗവാൻ ശ്രീരാമന്റെ പാരമ്പര്യം എന്നന്നേക്കുമായി നിലനിർനിർത്തും. അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ല. അയോധ്യയിൽ മെഡിക്കല്‍ കോളജ് നിർമ്മിക്കും. ശ്രീരാമന്റെയും പിതാവായ ദശരഥന്റെയും പേരിലായിരിക്കും മെഡിക്കൽ കോളേജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ അർദ്ധ കുംഭമേളക്ക് മുന്നോടിയായി അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ് രാജ് എന്നാക്കിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam