
ഹൈദരാബാദ്: കോൺഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മണിക്കൂറുകൾക്കകം തന്നെ തിരികെ കോൺഗ്രസിൽ ചേർന്നു. തെലുങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് തിരികെ കോൺഗ്രസിലെത്തിയത്.
വ്യാഴാഴ്ച രാവിലെ പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ ലക്ഷ്മണന്‍റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരമായപ്പോൾ താൻ എടുത്ത തീരുമാനത്തിൽ നിന്ന് പദ്മിനി പിന്മാറുകയും രാത്രി ഒമ്പത് മണിയോടെ തിരികെ കോൺഗ്രസ് പാർട്ടിയിലേക്ക് വരുകയും ചെയ്തു. എന്നാൽ പാർട്ടി വിട്ടത് കോൺഗ്രസ് പ്രവർത്തകർക്ക് വളരെ വിഷമമായെന്നും അതിനാലാണ് താൻ തിരികെ പാർട്ടിയിലേക്ക് വന്നതെന്നും പദ്മിനി പറഞ്ഞു.
അതേ സമയം വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുളള വ്യക്തിയാണ് പദ്മിനിയെന്നും അവരെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും തെലുങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു. എന്നാൽ ഭിന്ന രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് രാജനരസിംഹ പ്രതികരിച്ചു.
അവിഭക്ത ആന്ധ്രാപ്രദേശിലെ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാനാണ് അദ്ദേഹം. ഡിസംബർ ഏഴിനാണ് തെലുങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 11 ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam