മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി; അനുകൂലിച്ച് 245 പേര്‍, കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു

Published : Dec 27, 2018, 06:55 PM ISTUpdated : Dec 27, 2018, 07:55 PM IST
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി; അനുകൂലിച്ച് 245 പേര്‍, കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു

Synopsis

പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബില്ല് ലോക്സഭയില്‍ പാസായതിനെ ബിജെപി അംഗങ്ങള്‍ സ്വാഗതം ചെയ്തത്.

ദില്ലി: മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായി. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ പാസാക്കിയത്. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു.  245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേർ എതിർത്തു. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 

പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ല.

വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തുടര്‍ന്നു. സി പി എം അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ ബില്ല് ലോക്സഭയില്‍ പാസായതിനെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓർഡിനൻസിനെതിരെയുള്ള എൻകെ പ്രേമചന്ദ്രൻറെ പ്രമേയം സ്പീക്കർ തള്ളുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടന്നു.

മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണ് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്നായിരുന്നു കോൺഗ്രസിൻറെ ആദ്യനിലപാട്. എന്നാൽ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് കോൺഗ്രസ് എത്തിയത്. 

ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം കെ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കൾക്ക് നല്‍കിയിരിക്കുന്നത്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരിൽ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം