
രാജസ്ഥാൻ: കോൺഗ്രസിന്റെ തെറ്റുകൾ തിരുത്താനാണ് തന്റെ നിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്താർപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് പ്രശസ്ത സിഖ് ആരാധനാ കേന്ദ്രമായ ഗുരുദ്വാര പാകിസ്ഥാനിലായതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ സിഖ് മതവിശ്വാസികൾക്ക് ഗുരുദ്വാര സന്ദർശിക്കാൻ 70 വർഷം കാത്തിരിക്കേണ്ടി വന്നതും അതുകൊണ്ട് തന്നെയാണ്.
കോൺഗ്രസിന്റെ തെറ്റുകൾ തിരുത്തുക എന്നുളളതാണ് തന്റെ നിയോഗമെന്നും മോദി കൂട്ടിച്ചേർത്തു. ഗുരുനാനാക്കിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള കഴിവ് കോൺഗ്രസ് നേതാക്കൾക്കില്ല. അതുപോലെ സിഖ് സമുദായത്തോട് അവർക്ക് ബഹുമാനവുമില്ലെന്ന് മോദി വിമർശിച്ചു. കർത്താർപൂർ ഇടനാഴി നേരത്തെ തന്നെ തുറന്നു കൊടുക്കേണ്ടതായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു. അതിർത്തി നിർണയത്തിന്റെ അപാകത മൂലമാണ് ഗുരുദ്വാര പാകിസ്ഥാനിലായതെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.
പതിനാറാം നൂറ്റാണ്ടിലാണ് ഗുരുദ്വാര നിർമ്മിച്ചത്. പാക് അതിർത്തിയിയെ രവി നദിയുടെ തീരത്താണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. സിഖ് മതസ്ഥരുടെ ഗുരുവായ ഗുരുനാനാക്ക് പതിനെട്ട് വർഷത്തോളം ചെലവഴിച്ച ഗുരുദ്വാര പരിപാവനമായി കണക്കാക്കുന്ന ഇടം കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam