ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎം; കര്‍ണാടകത്തിലെ സമ്മേളനത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ദേവദാസി സ്ത്രീകള്‍

By Web TeamFirst Published Jan 22, 2019, 11:28 AM IST
Highlights

കര്‍ണാടകയില്‍ ഇപ്പോഴും ഒരുലക്ഷത്തോളം ദേവദാസികളുണ്ട്. വിശ്വാസത്തിന്‍റെ പേര് പറ‌ഞ്ഞ് സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം മുന്‍കൈ എടുത്ത് കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടന ആരംഭിക്കുന്നത്. 

ബെംഗളൂരു: ദേവദാസി സമ്പ്രദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഐഎമ്മിന്‍റെ നേതൃത്വത്തിലുള്ള കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളം നടന്നു. ആയിരക്കണക്കിന് ദേവദാസികളാണ്  ബെല്ലാരിയിലെ ഹോസ്പോട്ടില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തത്.  ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം 1982 ല്‍ കര്‍ണ്ണാടകയില്‍ പ്രാബല്യത്തിലായെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെ നിലവിലുണ്ട്. 

ഒരുലക്ഷത്തോളം ദേവദാസികളാണ് കര്‍ണാടകയിലുള്ളത്. വിശ്വാസത്തിന്‍റെ പേര് പറ‌ഞ്ഞ് സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം മുന്‍കൈ എടുത്ത് കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടന ആരംഭിക്കുന്നത്.  ദേവദാസി സമ്പ്രദായത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ പാര്‍ട്ടി ഒപ്പം കൂട്ടുകയും ചെയ്യുന്നുണ്ട് ഇവിടെ.

പാര്‍ട്ടിയുടെ ദാവന്‍ഗേരെ ജില്ലാ സെക്രട്ടറി ടി വി രേണുകാമ്മ മുന്‍ ദേവദാസിയായിരുന്നു. ആയിരക്കണക്കിന് പെണ്‍കുട്ടികളെ ദേവദാസി സമ്പ്രദായത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി സമരം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് ടി വി രേണുകാമ്മ. ദേവദാസി സ്ത്രീകള്‍ക്ക് 2007 ലാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. വിവിധ സംഘടനകള്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. 

click me!