
തിരുവനന്തപുരം: പാർട്ടി അവഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി. സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നും ഐഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നത്. കോണ്‍ഗ്രസിന്‍റെ രാപ്പകൽ സമരപ്പന്തലിലെത്തി കെപിസിസി അധ്യക്ഷനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നുവെന്നും എക്കാലവും താൻ മനുഷ്യ പക്ഷത്തെന്നും ഐഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകും.
ആരാണ് ഐഷ പോറ്റി?
ഇടതു രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു അവർ. പേരുകൊണ്ട് ജാതി അറിയരുത് എന്ന രാഷ്ട്രീയ ആദർശം കാരണം അച്ഛൻ വാസുദേവന്‍ പോറ്റി മകൾക്ക് നൽകിയത് വയലാറിന്റെ കഥാപാത്രമായ ആയിഷയുടെ പേരാണ്. വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെയാണ് ആയിഷ പോറ്റി പൊതുരംഗത്തേക്ക് വരുന്നത്.
കല്യാണം കഴിഞ്ഞ് അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ ശേഷം അവർ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകയായും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയായും സജീവമായി. പാർലമെന്ററി രംഗത്തെ അവരുടെ ആദ്യത്തെ വലിയ ചുവടുവെപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ആയിരുന്നു. പിന്നീട് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി.
2006 മുതൽ 2021 വരെ കൊട്ടാരക്കര നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായൻ ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി ആയിരുന്നു നിയമസഭയിലെ അരങ്ങേറ്റം. അതേ വിജയം അവർ തുടർന്ന് വന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam