
കണ്ണൂര്‍: കണ്ണൂരിൽ സംഘടനാ രംഗത്തെയും തെരഞ്ഞെടുപ്പിലെയും തിരിച്ചടികൾ എടുത്തുപറഞ്ഞ് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. കീഴാറ്റൂർ വിഷയത്തിൽ സിപിഐ നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നും വിമർശനമുണ്ട്. പി ജയരാജൻ പാർട്ടിക്കതീതനായി വളരാൻ ശ്രമിച്ചന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന പൊതുചർച്ച നിർണായകമാണ്.
കണക്കുകളിൽ സംഘടനാരംഗത്തും പാർലമെന്രറി രംഗത്തും സിപിഎം നേട്ടമുണ്ടാക്കിയ പ്രവർത്തന നിരതമായ കാലയളവാണ് കടന്നുപോയതെന്നാണ് വിലയിരുത്തൽ. പക്ഷെ വിജയിക്കാമായിരുന്ന അഴീക്കോട് മണ്ഡലമുൾപ്പടെ സ്ഥാനാർത്ഥി നിർണയത്തിലടക്കമുണ്ടായ പാളിച്ചകളെ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്.
മണ്ഡലത്തിലുൾപ്പെട്ട പാപ്പിനിശേരി ഏരിയയിലടക്കം വോട്ടുചോർച്ചയുണ്ടാന്നത് നേരത്തെ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിൽ വിജയിച്ച മണ്ഡലങ്ങളിൽപ്പോലും സ്വാധീനത്തിൽ കുറവുണ്ടായെന്ന പരാമർശം ഗൗരവത്തോടെ പരിശോധിക്കേണ്ടി വരും. ഇടത് സർക്കാർ അധികാരത്തിലിരിക്കെയുണ്ടായ കൊലപാതകങ്ങൾ, ജില്ലാ സെക്രട്ടറിയുടെ അപ്രമാദിത്യ നടപടികൾ, ബന്ധുനിയമന വിവാദമടക്കം നേതാക്കളുൾപ്പെട്ട ആരോപണങ്ങൾ എന്നിവ പൊതുചർച്ചയിലേക്കെത്തും. പാർട്ടിയേക്കാൾ വളർന്നത് പി ജയരാജനാണെന്ന വികാരം നേതൃത്വം തന്നെ നിലനിർത്തിയിരിക്കെയാണിത്.
കീഴാറ്റൂർ വിഷയത്തിൽ ഇടപെട്ട് സിപിഐ നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന തരത്തിലാണ് പരാമർശം. ചർച്ചയുടെ ഗതിയും തുടർന്ന് നാളെ നടക്കുന്ന കമ്മിറ്റി തെരഞ്ഞെടുപ്പുമാണ് നിർണായകം. സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അതൃപ്തിക്കും നടപടികൾക്കും പാത്രമായ പി ജയരാജൻ തുടരുമോയെന്നതും ശ്രദ്ധേയം. അതേസമയം എടുത്തുചാടിയുള്ള തീരുമാനം പി ജയരാജന്റെ കാര്യത്തിലുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam