
ദില്ലി: സിബിഐ മുൻ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വിജിലൻസ് കമ്മീഷൻ റിപ്പോര്‍ട്ടന്മേൽ തിങ്കളാഴ്ചക്കകം മറുപടി നൽകാൻ അലോക് വര്‍മ്മയോട് കോടതി ആവശ്യപ്പെട്ടു. കേസിൽ കക്ഷി ചേരാൻ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ കോടതി അനുവദിച്ചില്ല.
സിബിഐ മുൻ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ സീൽവെച്ച കവറിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നതെന്ന് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചു.സീൽവെച്ച കവറിൽ തന്നെ റിപ്പോര്‍ട്ട് അലോക് വര്‍മ്മക്ക് നൽകാൻ കോടതി തീരുമാനിച്ചു. റിപ്പോര്‍ട്ടിനുള്ള മറുപടി തിങ്കളാഴ്ചക്കകം അലോക് വര്‍മ്മ സമര്‍പ്പിക്കണം.
അറ്റോര്‍ണി ജനറലിനും കേന്ദ്ര വിജിലൻസ് കമ്മീഷനും മറുപടിയുടെ പകര്‍പ്പ് നൽകാനും കോടതി നിര്‍ദ്ദേശിച്ചു. അലോക് വര്‍മ്മയുടെ മറുപടി വരുന്ന ചൊവ്വാഴ്ച കോടതി പരിശോധിക്കും.പരാതിക്കാരാനായ തനിക്ക് കേസിൽ മറുപടി നൽകാൻ അവസരം വേണമെന്ന ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആവശ്യം കോടതി തള്ളി. കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയ തനിക്ക് കേസിൽ കക്ഷി ചേരാൻ അവകാശമുണ്ടെന്ന് രാകേഷ് അസ്താനയുടെ അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി വാദിച്ചപ്പോൾ ആരാണ് കാബിനറ്റ് സെക്രട്ടറി എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഏത് നിയമപ്രകാരമാണ് കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയതെന്നും രാകേഷ് അസ്താനയോട് കോടതി ചോദിച്ചു. ഹൈദരാബാദ് സ്വദേശിയായ വ്യാപാരിയിൽ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാൻ അലോക് വര്‍മ്മ കോഴ വാങ്ങിയെന്നായിരുന്നു രാകേഷ് അസ്താനയുടെ പരാതി. ഇതോചൊല്ലിയുള്ള തര്‍ക്കത്തിൽ അലോക് വര്‍മ്മയെയും രാകേഷ് അസ്താനയും അര്‍ദ്ധരാത്രി തീരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.
ഇതിനെതിരെ അലോക് വര്‍മ്മ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. നിലവിലെ താൽക്കാലിക ഡയറക്ടറായ എം.നാഗേശ്വര റാവു എടുത്ത തീരുമാനങ്ങൾ എന്തൊക്കെ എന്ന് അറിയിക്കാൻ കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam