'കടുവ മരിച്ചിട്ടില്ല'; മാസ് ഡയലോഗുമായി ശിവ്‍രാജ് സിംഗ് ചൗഹാന്‍

By Web TeamFirst Published Dec 20, 2018, 1:08 PM IST
Highlights

15 വര്‍ഷത്തിന് ശേഷം ഭരണം നഷ്ടപ്പെട്ടപ്പോഴും ഛത്തീസ്ഗഡിലെ പോലെ ശിവ്‍രാജ് സിംഗിനെതിരെ വമ്പന്‍ വിജയം ഒന്നും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 114 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 109 സീറ്റുകളുമായി കരുത്ത് അധികം ചോരാതെ തന്നെ ബിജെപി മധ്യപ്രദേശില്‍ പിടിച്ച് നിന്നു

ഭോപ്പാല്‍: നീണ്ട 15 വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണത്. 2005 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ശിവ്‍രാജ് സിംഗ് ചൗഹാന്‍ എന്ന ഒറ്റ പേര് മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. മോദി-അമിത് ഷാ ഇഫക്ട് ബിജെപിയില്‍ പിടി മുറുക്കുമ്പോഴും ശിവ്‍രാജ് സിംഗിന്‍റെ പ്രഭാവം അനിഷേധ്യമായി തന്നെ നിലനിന്നു.

15 വര്‍ഷത്തിന് ശേഷം ഭരണം നഷ്ടപ്പെട്ടപ്പോഴും ഛത്തീസ്ഗഡിലെ പോലെ ശിവ്‍രാജ് സിംഗിനെതിരെ വമ്പന്‍ വിജയം ഒന്നും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 114 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 109 സീറ്റുകളുമായി കരുത്ത് അധികം ചോരാതെ തന്നെ ബിജെപി മധ്യപ്രദേശില്‍ പിടിച്ച് നിന്നു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും തന്‍റെ പ്രഭാവം നിലനിര്‍ത്താന്‍ ശിവ്‍രാജ് സിംഗ് ചൗഹാന് സാധിക്കുന്നുണ്ട്. കമല്‍നാഥിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പോലും ശ്രദ്ധാകേന്ദ്രമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ അങ്ങനെ ഒന്നും തോറ്റ് പിന്മാറാന്‍ താനില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ശിവ്‍രാജ് സിംഗ് ചൗഹാന്‍.

2019 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ ഒരുക്കാന്‍ ശിവ്‍രാജ് സിംഗ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും താന്‍ മുന്നിലുണ്ടാകുമെന്ന് ശിവ്‍രാജ് സിംഗ് പറഞ്ഞു.

ഇതിനായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ടെെഗര്‍ സിന്ധാ ഹേ എന്ന ചിത്രത്തിന്‍റെ പേര് കടം കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. അവര്‍ക്ക് (കോണ്‍ഗ്രസിന്) എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. താന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ടെെഗര്‍ സിന്ധാ ഹേ (കടുവ മരിച്ചിട്ടില്ല ) എന്നാണ് ശിവ‍്‍രാജ് സിംഗ് പറഞ്ഞത്. 

click me!