വിവാഹ ധൂര്‍ത്ത്; മുകേഷ് അംബാനിയെ രൂക്ഷമായി വിമർശിച്ച് ജമ്മു കാശ്മീർ ഗവർണർ

By Web TeamFirst Published Dec 20, 2018, 12:45 PM IST
Highlights

ഒരോ ദിവസം കഴിയുന്തോറും ജമ്മു കാശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്പന്നരാകുകയാണെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആരും തന്നെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി. 

ശ്രീനഗർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം ആർഭാടമായി നടത്തിയതിൽ രൂക്ഷ വിമർശനവുമായി ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് രംഗത്ത്. മകളുടെ വിവാഹം ആർഭാടമായി നടത്തിയെന്നും എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും മാലിക് കുറ്റപ്പെടുത്തി. കാശ്മീരിൽ പതാകദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ് അംബാനിയുടെ പേരെടുത്ത് പറയാതെയാണ് മാലിക് വിമർശനമുന്നയിച്ചത്.

ഇന്ത്യയിലെ ധനികന്മാരിലൊരാൾ 700 കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തി. എന്നാൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഒന്നും തന്നെ ചെയ്തില്ല. ആ 700കോടി രൂപ ഉണ്ടായിരുന്നുവെങ്കിൽ കാശ്മീരിൽ 700 സ്കൂകുളുകളോ  7000-ത്തോളം വരുന്ന വീരമൃത്യുവരിച്ച ജവാന്മാരുടെ വിധവമാർക്കോ നൽകാമായിരുന്നു-സത്യപാൽ മാലിക് പറഞ്ഞു.

ഒരോ ദിവസം കഴിയുന്തോറും ജമ്മു കാശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്പന്നരാകുകയാണെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആരും തന്നെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി. സമൂഹം നേരിടുന്ന പ്രശ്നങ്ങളോന്നും ഇവർ കാണുന്നില്ല. അഴുകിയ ഉരുളക്കിഴങ്ങിന് തുല്യമായാണ് ഇങ്ങനെയുള്ളവരെ താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 12നാണ് ഇഷ അംബാനിയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദും വിവാഹിതരായത്.   ഫോബ്സിന്‍റെ ഈ വര്‍ഷത്തെ സമ്പന്ന പട്ടിക അനുസരിച്ച് 4730 കോടി ഡോളറാണ്  മുകേഷ് അംബാനിയുടെ ആസ്തി. അതായത് 3.31 ലക്ഷം കോടി രൂപ. ഇന്ത്യയിലെ സമ്പന്നരില്‍ 24ാം സ്ഥാനത്താണ് അജയ് പിരാമല്‍. ഫാര്‍മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരാമല്‍ എന്‍റര്‍പ്രൈസസിന്‍റെ ചെയര്‍മാനായ അദ്ദേഹത്തിന്‍റെ ആസ്തി 500 കോടി ഡോളറാണ്. അതായത്, 35,000 കോടി രൂപ. 

click me!