
തിരുവനന്തപുരത്ത്:സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മരിച്ചവരുടെ എണ്ണം 26 ആയി. വിവിധ സ്ഥലങ്ങളിൽ നിന്ന് ഉരുൾപൊട്ടലിന്‍റെ വാർത്തകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതാണ് മരണസംഖ്യ കൂടാൻ കാരണം. ഇടുക്കി നെടുങ്കണ്ടം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നാണ് അവസാനം ഉരുൾപൊട്ടലിന്‍റെ വാർത്തകളെത്തിയത്. ഇടുക്കി നെടുങ്കണ്ടം പച്ചടി പത്തുവളവിൽ ഉരുൾപൊട്ടി 3 പേർക്കാണ് ജിവൻ നഷ്ടമായത്. ഇടുക്കി ഗാന്ധിനഗറിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത് . മൂന്ന് കുട്ടികൾ അടക്കം നാല് പേരെ കാണാനില്ല.
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്ന് മലപ്പുറം കൊണ്ടോട്ടിയിൽ മാത്രം രണ്ട് അപകടങ്ങളിലായി മരിച്ചത് 10 പേരാണ്. വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടങ്ങൾ. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടി ചെറുകാവിനടുത്ത് കൊടപ്രത്ത് അസ്കറിന്‍റെ ഇരുനില വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അസ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെയോടെ വീടിന് പിന്നിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. ഇത് കണ്ട് കോഴിക്കൂട് മാറ്റാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തുടർന്നുണ്ടായ വലിയ മണ്ണിടിച്ചിലിൽ എല്ലാവരും മണ്ണിനടിയിൽപെട്ടു.
ഉടൻ തെരച്ചിൽ തുടങ്ങിയെങ്കിലും എത്ര പേർ കുടുങ്ങിയെന്നോ, എത്ര പേരെ ഇനി പുറത്തെത്തിക്കാനുണ്ടെന്നോ തെരച്ചിൽ സംഘത്തിന് ഒരു സൂചനയുമുണ്ടായിരുന്നില്ല. അരമണിക്കൂറിനകം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബാവ എന്ന് വിളിക്കുന്ന മുഹമ്മദലിയെ ജീവനോടെ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബാക്കി മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടുടമ അസ്കറിന്‍റെ സഹോദരൻ ബഷീർ, ബഷീറിന്‍റെ മകൻ മുഷ്ഫിക്, അസ്കറിന്‍റെ സഹോദരഭാര്യ ഹൈറുന്നിസ, അയൽവാസികളായ മുഹമ്മദലി, മക്കളായ സഫ്‍വാൻ, ഇർഫാൻ അലി, അയൽവാസികളായ മൂസ ഇല്ലിപ്പുറത്ത്, സാബിറ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡി.കോളേജാശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരും.
കൊണ്ടോട്ടി കൈതക്കുണ്ടിൽ അസീസ്, ഭാര്യ സുനീറ, മകൻ ആറ് വയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. രാത്രി 2 മണിയോടെ ഇവരുടെ കിടപ്പുമുറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. മണ്ണ് വീണ ആഘാതത്തിൽ വീട് ഇടിയാറായി നിൽക്കുന്നതിനാൽ ആർക്കും അകത്ത് കയറാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam