കണക്കെടുപ്പ് പൂര്‍ത്തിയായില്ല; ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സഹായം വൈകുന്നു

By Web TeamFirst Published Aug 27, 2018, 6:41 AM IST
Highlights

പുതിയ ജീവിതം തുടങ്ങാന്‍ 10,000 രൂപയും അവശ്യ സാധനങ്ങളടങ്ങുന്ന കിറ്റുമായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം. റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. 

കൊച്ചി: പ്രളയത്തില്‍പ്പെട്ടവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ കിട്ടിത്തുടങ്ങിയില്ല. ഗുണഭോക്താക്കളുടെ കണക്കെടുപ്പ് നീളുന്നതാണ് പ്രതിസന്ധി. അരിയുള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണത്തിന് ഒരാഴ്ചയെടുക്കും. 10,000 രൂപയുടെ അടിയന്തിര ധനസഹായം നല്‍കേണ്ടവരുടെ കണക്കെടുപ്പ് തുടങ്ങുന്നതേയുള്ളൂ. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിലും അവ്യക്തത തുടരുകയാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന്  ജില്ലാ കളക്ടർമാരുമായും, ജില്ലാ പൊലീസ് മേധാവിമാരുമായും ചർച്ച നടത്തും. 

പ്രളയനേരത്ത് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകേണ്ടി വന്ന, ഇപ്പോള്‍ ഉടുതുണിമാത്രം മിച്ചം കൈയ്യിലുള്ള മൂന്നുലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്തൊട്ടാകെ വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ 10,000 രൂപയും അവശ്യ സാധനങ്ങളടങ്ങുന്ന കിറ്റുമായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം. റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കാനാണ് ശ്രമം നടത്തുന്നത്. ദുരിത ബാധിതരുടെ പട്ടിക വില്ലേജ് തലം മുതല്‍ തയാറാക്കിയ ശേഷമേ പണമെത്തൂ.

വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സഹായം നല്‍കുമെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വീട്ടുപകരണങ്ങള്‍ മാത്രം നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഒന്നര ലക്ഷം കുടുംബങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം പേരാണ് ക്യാന്പുകളില്‍ തുടരുന്നത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ വീടുകളിലേക്ക് മടങ്ങും. ജീവിതം ആദ്യം മുതല്‍ തുടങ്ങുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങ് വൈകുന്നത് നീതി നിഷേധിക്കലാവും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന്  ജില്ലാ കളക്ടർമാരുമായും, ജില്ലാ പൊലീസ് മേധാവിമാരുമായും ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും ചർച്ച. ‍ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെയും പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്യുക.

click me!