രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി നിയമസഭയില്‍ പ്രമേയം

By Web TeamFirst Published Dec 21, 2018, 11:49 PM IST
Highlights

അതേസമയം കലാപംസിഖ് വിരുദ്ധ കലാപത്തിൽ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത് രത്‌ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പിന്‍വലിച്ച് പുനര്‍നാമകരണം ചെയ്യണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു. 

ദില്ലി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ഭാരത് രത്ന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദില്ലി നിയമസഭയില്‍ അവതരിപ്പിച്ച് ആം ആദ്മി എംഎല്‍എ. ആം ആദ്മി പാർട്ടി എംഎൽഎ ജർനയിൽ സിംഗ് അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ നിയമസഭ അംഗീകരിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിനെ തുടർന്നാണ് ദില്ലി നിയമസഭയില്‍ പ്രമേയം വന്നത്.  

രാജ്യ തലസ്ഥാനത്ത് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി സർക്കാർ എഴുതണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഈ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
 
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹി കാന്റ് മേഖലയിലെ രാജ് നഗറില്‍ അഞ്ച് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ജസ്റ്റിസ് എസ് മുരളീധരന്‍, ജസ്റ്റിസ് വിനോദ്‌ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. രാജ്‌നഗറിലെ കലാപത്തില്‍ ഭര്‍ത്താവിനെയും മകനേയും മൂന്നു സഹോദരങ്ങളെയും നഷ്ടപ്പെട്ട ജഗ്ദീഷ് കൗർ നൽകിയ പരാതിയിലാണ് നടപടി. 

സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ജി ടി  നാനവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2005 ഒക്‌ടോബറിലാണ് സജ്ജന്‍ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്. 1984 ല്‍ ലോക്‌സഭാംഗമായിരുന്നു സജ്ജന്‍. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984 ല്‍ കിഴക്കന്‍ ദില്ലിയിലെ ത്രിലോക് പുരിയില്‍ നടന്ന കലാപത്തില്‍ 95 സിഖുകള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. 1991ലാണ് രാജീവ് ഗാന്ധിയ്ക്ക്  ഭാരത് രത്ന ലഭിച്ചത്.   

അതേസമയം, സിഖ് വിരുദ്ധ കലാപത്തിൽ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത് രത്‌ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പിന്‍വലിച്ച് പുനര്‍നാമകരണം ചെയ്യണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു. കലപാത്തില്‍ കൊല്ലപ്പെട്ട 3400 ഓളം സിഖുകാരുടെ കുടുംബത്തിന് നീതി കിട്ടാന്‍ രാജീവ് ഗാന്ധി ശിക്ഷിക്കപ്പെടണമെന്നും വിജ് കൂട്ടിച്ചേർത്തു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച വാര്‍ത്തയോടാണ് വിജിന്റെ പ്രതികരണം.
 

click me!