പാർട്ടിക്കിടയിൽ അപമാനിച്ച സഹോദരങ്ങളെ വെടിവച്ച് കൊലപ്പെടുത്തി; ദില്ലി സർവ്വകലാശാല വിദ്യാർത്ഥി അറസ്റ്റില്‍

By Web TeamFirst Published Oct 4, 2018, 1:12 PM IST
Highlights

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

ദില്ലി: ഹരിയാനയിൽ സഹോദരങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ദില്ലി സർവ്വകലാശാല വിദ്യാർത്ഥി അറസ്റ്റില്‍. ഹരിയാനയിലെ സോനാപേട്ട് സ്വദേശി അൻഷു (21) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഹലാൽപൂരിൽവച്ച് നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലപ്പെട്ട സഹോദരങ്ങളിൽ ഒരാളായ ആശിഷുമായി (25) അൻഷു ഏറ്റുമുട്ടി. തർക്കം മൂത്തപ്പോൾ ആശിഷ് അൻ‌ഷുവിനെ മർദ്ദിച്ചു. ആളുകള്‍ക്ക് മുന്നില്‍ വച്ച് അപമാനിക്കപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമായത്. ഏറെ നാളത്തെ ഗൂഡാലോചനയക്ക് ശേഷമാണ് പകരം വീട്ടാന്‍ തീരുമാനിച്ചത്. അൻഷു സുഹൃത്തുക്കളായ സന്ദീപ്, രോഹിത്, മന്നു, അരുൺ, കാർത്തിക് എന്നിവരെ നരേലയിൽ നിന്ന് വിളിച്ചുവരുത്തുകയും സെപ്തംബറിൽ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയും  ചെയ്തു. പിന്നീട് സുഹൃത്തുക്കൾ വഴി സംഘടിപ്പിച്ച തോക്കുമായി അൻഷു ആശിഷിന് നേരെ നിറയൊഴിക്കുകയായിരുന്നു. 

ആശിഷിനെ രക്ഷിക്കുന്നതിനായി എത്തിയ സഹോദരൻ ഹിമനാഷുവിന് നേരെയും അൻഷു വെടിയുതിർക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അന്റോ അൽഫോൺസ് വ്യക്തമാക്കി.  ബന്ധുക്കളെ കാണാനായി ദില്ലിയിലെ നജഫ്ഗഢിൽ നിന്നുമാണ് അൻ‌ഷുവിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. അലിപൂരിലെ സ്വാമി ശാരദാനന്ദ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് അൻഷു.     
 

click me!