
ദില്ലി: ബന്ധുക്കള്‍ക്ക് മുന്നില്‍ പണക്കാരിയാണെന്ന് കാണിക്കാന്‍ കാര്‍ മോഷ്ടിച്ച യുവതിയും കൂട്ടാളികളും പിടിയില്‍. ഡെറാഡൂണിലാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി മറ്റൊരു യുവാവുമായി കഴിഞ്ഞിരുന്ന സ്വപ്നയാണ് തന്‍റെ സഹോദരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി കാര്‍ മോഷ്ടിച്ചത്. ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരുടെ മുന്നില്‍ പണക്കാരിയാണെന്നും നല്ല നിലയിലാണ് ജീവിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് സപ്ന മോഷണത്തിനൊരുങ്ങിയത്. എന്നാല്‍ യുവതിയും കൂട്ടാളികളും പൊലീസിന്‍റെ പിടിയിലായി.
ഡെറാഡൂണില്‍ ടാക്‌സി ഡ്രൈവറായ സുബാം ശര്‍മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ഒക്ടോബര്‍ നാലിനാണ് ശര്‍മ പരാതി നല്‍കിയത്. രണ്ടു യുവതികളും യുവാവുമടങ്ങുന്ന സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാര്‍ തട്ടിയെടുത്തുവെന്നായിരുന്നു ശര്‍മയുടെ പരാതി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗസാല എന്ന സപ്‌നയും വംശ് വര്‍മയും പൊലീസ് പിടിയിലായത്. ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്കും തിരിച്ചും ടാക്‌സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നു കളയുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
2009 ല്‍ വിവാഹിതയായ സപ്‌ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ദില്ലിയില്‍ താമസിച്ചു വരികയായിരുന്നു. സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം കാര്‍ ഉപേക്ഷിക്കുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഉപയോഗിച്ചത്. കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് ഇവരെ കുടുക്കിയത്. രഘുബീര്‍ നഗറിലെ ഒരാളുടെ പക്കല്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്നും സപ്‌നയും വംശും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam