റെയ്‍ഡ്; ഡിസിപി ചൈത്ര തെരേസ ജോണിനോട് ഡിജിപി വിശദീകരണം തേടി

By Web TeamFirst Published Jan 25, 2019, 9:44 PM IST
Highlights

പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ  തിരഞ്ഞ്  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിൽ പൊലീസ് പരിശോധന നടന്നിരുന്നു. ഇന്നലെ അർധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് ഡിജിപി വിശദീകരണം തേടി. സിപിഎമ്മിന്‍റെ പരാതിയിലാണ് വിശദീകരണം തേടിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഡിജിപിക്ക് പരാതി നൽകിയത്. 

പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ അന്വേഷിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് പരിശോധന നടന്നിരുന്നു. ഇന്നലെ അർധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. എന്നാല്‍ പ്രതികളിലൊരാളെ ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ കേസിലെ പ്രതികളെ അന്വേഷിച്ച് രാത്രി 11.30 ഓടെയാണ് പൊലീസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ചും പേര്‍ മാത്രമേ പരിശോധനാ സമയത്ത് ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പ്രതികളിലാരെയും കണ്ടെത്താനായില്ല. 

ഡിസിപി തെരേസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. ഇന്ന് ഉച്ചയോടെ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നു. ഈ കേസിലെ പത്ത് പ്രതികളെ അന്വേഷിച്ചാണ് പൊലീസ് തിരുവനന്തപുരത്തെ സിപിഎം ഓഫീസില്‍ റെയിഡ് നടത്തിയത്. 

click me!