
ദില്ലി: ബിജെപിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം നടത്താറുള്ള കോൺഗ്രസിലെ താര സാന്നിദ്ധ്യം ദിവ്യ സ്പന്ദന ചുമതലയിൽനിന്നും ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സമൂഹ്യ മാധ്യമ വിഭാഗം മേധാവിയാണ് തെന്നിന്ത്യൻ ചലച്ചിത്രതാരവും മുൻ എംപിയുമായ ദിവ്യ സ്പന്ദന. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളെ തുടർന്നാണ് രാജി. മൂന്ന് ദിവസത്തോളമായി ചുമതലയിൽനിന്നും മാറി നിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ മഹാരാഷ്ട്രയിലെ വാർധയിൽ വച്ച് നടന്ന പാർട്ടി നേതൃത്വ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. ഇതിന് പുറമെ മോദിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 29 ന് ശേഷം ദിവ്യയുടേതായ പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ പങ്കുവച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാൽ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ ദിവ്യ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അസംതൃപ്തനായിരുന്നുവെന്ന് കോൺഗ്രസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തന്റെ പദവി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്ക്ക് നൽകുന്നതിലും ദിവ്യ അസ്വസ്തതയാണെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിഖിൽ ആൽവയാണ്. ഇതോടെ കോൺഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറി നടക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ദിവ്യ സാമൂഹ്യ മാധ്യമ വിഭാഗ മേധാവി ചുമതല ഏറ്റെടുത്തതോടെയാണ് കോൺഗ്രസിന്‍റെ പദ്ധതികളും ആശയങ്ങളും രാജ്യ വ്യാപകമായി പ്രചരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപിയടക്കമുള്ള പാർട്ടികൾക്കെതിരെ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചതും ദിവ്യയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്.
അതേസമയം രാജിവെച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് ദിവ്യ സ്പന്ദന രംഗത്തെത്തി. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും, വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. ട്വിറ്റര്‍ ബഗ് മൂലം സംഭവിച്ച ചില തകരാറ് മാത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉണ്ടായത്. തന്റെ അക്കൗണ്ടിലെ ബയോ വിവരങ്ങള്‍ കാണാതാവുകയും സെപ്തംബര്‍ 29 ന് ശേഷം പുതിയ ട്വീറ്റുകളൊന്നും വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജിവെച്ചു എന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിച്ചതെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam