
മുംബൈ: പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബഹളമുണ്ടാക്കിയ നാല് പെൺകുട്ടികളിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പൊലീസുകാരെ ഇവർ ആക്രമിക്കുകയും ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഭയാന്തറിൽ പെൺകുട്ടികൾ പൊലീസുകാരെ ആക്രമിച്ചത്. മംമ്താ മെഹർ (25), അലീഷ പിള്ള (23), കമൽ ശ്രീവാസ്തവ (22), ജെസ്സി ഡികോസ്റ്റ (22) എന്നീ പെൺകുട്ടികളാണ് പൊലീസിന്റെ പിടിയിലായത്.
രാത്രി രണ്ട് മണിക്കാണ് നാൽവർ സംഘം ഭയാന്തറിലുള്ള ഭഗത് സിംഗ് പ്ലേ ഗ്രൗണ്ടിലെ മാക്സസ് മാളിന് മുന്നിലെത്തിയത്. നാലുപേരിൽ ജെസ്സി ഡികോസ്റ്റ ഒഴികെയുള്ളവർ മിറാ റോഡിലുള്ളവരാണ്. റോഡിൽ നിന്ന് ഇവർ നാലുപേരും തർക്കിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നൈറ്റ് പട്രോളിംഗിലായിരുന്ന പൊലീസ് സംഘം ഇവിടെ എത്തുന്നത്. ഇവരുടെ തർക്കം കേട്ട് ചെറിയ ആൾക്കൂട്ടവും ഇവർക്ക് ചുറ്റും കൂടി. അസിസ്റ്റന്റ് ഇൻസ്പെക്ടർ മനീഷ പാട്ടീൽ എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരാണ് നാലുപെൺകുട്ടികളോട് സംസാരിച്ച് ശാന്തരാകാൻ ആവശ്യപ്പെട്ടത്.
എന്നാൽ തർക്കം നിർത്തി അവർ പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കാനും കയ്യേറ്റം ചെയ്യാനുമാണ് പിന്നീട് ശ്രമിച്ചത്. ഇവരുടെ ചുറ്റും കൂടിയ ആൾക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ സംഭവങ്ങളെല്ലാം വ്യക്തമായി കാണാൽ സാധിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷ ഉദ്യോഗസ്ഥരെയും അവർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. വനിതാ ഉദ്യോഗസ്ഥയുടെ ഷർട്ടിന്റെ ബട്ടൺ വലിച്ചു പൊട്ടിക്കുകയും അവരുടെ നെയിംബാഡ്ജ് കീറിക്കളയുകയും ചെയ്യുന്നുണ്ട്. തന്റെ ബാറ്റൺ ഉപയോഗിച്ച് ഉദ്യോഗസ്ഥ അവരുടെ ആക്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഇവർ ആക്രമാസക്തരാകുന്ന സമയത്ത് മൂന്ന് പേരെ വലിച്ച് പൊലീസ് ജീപ്പിൽ കയറ്റി. എന്നാൽ ജെസ്സി ഡികോസ്റ്റ ഈ സമയം ഓടി രക്ഷപ്പെട്ടു.
ജെസ്സിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു, അവരുടെ ജോലി തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് പെൺകുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നു എന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam