
തൂത്തുകുടി: പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങി. ഇതിനിടെ പ്രക്ഷോഭം തണുപ്പിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവ് ഇറക്കി.
2018 മെയ് മെയ് 22നുണ്ടായ വെടിവയ്പ്പിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും 175 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്റ്റെർലൈറ്റ് പ്ലാന്‍റിനെതിരെ സമരം ചെയ്ത് പൊലീസ് നടപടിയിൽ പരിക്കേറ്റ ഇവർക്ക് സർക്കാർ സഹായമായി ആകെ ലഭിച്ചത് പതിനായിരം രൂപ മാത്രമാണ്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ഈ വികാരം ഗ്രാമസഭകളില്‍ അടക്കം ചർച്ചയാക്കി വോട്ട് നേടാനാണ് ഡിഎംകെയുടെ ശ്രമം.
അണ്ണാഡിഎംകെയെയും ഡിഎംകെയെയും മാറി മാറി പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ് തൂത്തുകുടി. കഴിഞ്ഞ ലോക് സഭാ ഇലക്ഷനിൽ ഒന്നേകാൽ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ അണ്ണാഡിഎംകെയുടെ ജെയ്സിങ്ങ് തിയഗരാജാണ് മണ്ഡലത്തിൽ വിജയിച്ചത്.
ജൂലൈയില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കനിമൊഴി തന്നെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. എന്നാല്‍ തൂത്തുക്കുടി രണ്ട് തവണ സന്ദര്‍ശിച്ച കനിമൊഴിയും എം കെ സ്റ്റാലിനും ഉദയനിധിയും സ്റ്റെര്‍ലൈറ്റ് വിഷയം പൊതുസമ്മേളനങ്ങളില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല.
വേദാന്ത കമ്പനിക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ രണ്ട് ദ്രാവിഡ പാര്‍ട്ടികളും മടിക്കുകയാണ്. എങ്കിലും സര്‍ക്കാരിനെതിരായ വികാരം വോട്ടായി മാറുമെന്നാണ് ഡിഎംകെ കണക്കുകൂട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam