
മുംബെെ: പിറന്നാള്‍ ദിനത്തില്‍ ബിജെപി എംഎല്‍എയുടെ ഭാര്യയും പെണ്‍സുഹൃത്തും ഏറ്റുമുട്ടി. മഹാരാഷ്ട്രയിലെ അര്‍ണി എംഎല്‍എയായ രാജു നാരായണ്‍ ടോഡ്സമിന്‍റെ ഭാര്യയും കാമുകിയുമാണ് തമ്മിലടിച്ചത്. അടിപിടിയില്‍ ഇടപ്പെട്ട എംഎല്‍എയ്ക്കും തല്ല് കിട്ടിയതായി പൊലീസ് പറഞ്ഞു.
രാജു ടോഡ്സമിന്‍റെ ആദ്യ ഭാര്യ അധ്യാപികയാണ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍, വിവാഹമോചനം നേടാതെ എംഎല്‍എ ഇപ്പോള്‍ താമസിക്കുന്നത് ബിജെപി പ്രവര്‍ത്തകയായ മറ്റൊരു സ്ത്രീയോടൊപ്പമാണ്. ഇതിനിടെ എംഎല്‍എയുടെ പിറന്നാള്‍ ആഘോഷമാക്കുന്നതിനായി അണികള്‍ കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.
ഈ വേദിയില്‍ ഭാര്യയും കാമുകിയും തമ്മില്‍ കണ്ടതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. കബഡി ടൂര്‍ണമെന്‍റ് കേക്ക് മുറിച്ച് രാജു ടോഡ്സം ഉദ്ഘാടനം ചെയ്തതോടെ വേദിയില്‍ തമ്മിലടി തുടങ്ങുകയായിരുന്നു. ഭാര്യയും കാമുകിയും വാക്കേറ്റം ആരംഭിച്ചത് പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
ഇരുവരുടെയും ഒപ്പം നിന്നവരും ചേര്‍ന്നതോടെ അടിപിടി ഒരു കൂട്ടത്തല്ലായി മാറി. ഇതിനിടെ എംഎല്‍എയ്ക്കും മര്‍ദനമേറ്റു. കാര്യങ്ങള്‍ കെെവിട്ട് പോയതോടെ ലാത്തിവീശിയ പൊലീസ് എംഎല്‍എയെ രക്ഷിച്ചെടുക്കുകയായിരുന്നു. അടിപിടിയില്‍ എംഎല്‍എയുടെ പെണ്‍ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല.
ശനിയാഴ്ച ഇതേ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വനിത സംഘങ്ങളുടെ കൂട്ടാമയ്മയുമായി സംവദിക്കാന്‍ എത്തുന്നുണ്ട്. അതിന് മുമ്പുണ്ടായ അനിഷ്ട സംഭവം ബിജെപിയെ നാണം കെടുത്തിയിരിക്കുകയാണ്. രാജു ടോഡ്സമിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam