അന്തരീക്ഷ മലിനീകരണം; ദില്ലിയിൽ ശസ്ത്രക്രിയകൾ ഒഴിവാക്കിയതായി ഡോക്ടർമാർ

By Web TeamFirst Published Nov 2, 2018, 11:10 AM IST
Highlights

അനസ്തേഷ്യ നൽകുന്നതിനായുള്ള ചെക്കപ്പിൽ മിക്കവർക്കും ശ്വാസകോശ അണുബാധ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു. ദില്ലിയിലെ വായുമലിനീകരണത്തിന്റെ തോത് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിലെ ഹോസ്പിറ്റലുകളിൽ‌ ശസ്ത്രക്രിയകൾ ഒഴിവാക്കിയതായി റിപ്പോർട്ട്. ഓരോ വർഷവും ഇത്തരത്തിൽ റദ്ദ് ചെയ്യപ്പെടുന്ന ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അനസ്തേഷ്യ നൽകുന്നതിനായുള്ള ചെക്കപ്പിൽ മിക്കവർക്കും ശ്വാസകോശ അണുബാധ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു. ദില്ലിയിലെ വായുമലിനീകരണത്തിന്റെ തോത് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ആശുപത്രിയിൽ എത്തുന്ന മിക്ക രോഗികൾക്കും പൊടി ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുണ്ട്. അതിനാൽ അനസ്തേഷ്യ നൽകുന്നത് അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും അറുപത് വയസ്സിന് മുകളിലുള്ള മുതിർന്നവരെയുമാണ് അന്തരീക്ഷ മലിനീകരണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഓരോ മാസവും 120 ഓളം കുഞ്ഞുങ്ങൾ വിവിധ സർജറികൾക്കായി ഇവിടത്തെ ആശുപത്രികളിൽ എത്താറുണ്ട്. 

വേനൽക്കാലങ്ങളിൽ ശ്വാസകോശ സംബന്ധിയായ അണുബാധ മൂലം ഏഴോളം ശസ്ത്രക്രിയകൾ മാറ്റി വയ്ക്കേണ്ടി വരാറുണ്ട്. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകളുടെ എണ്ണവും വർദ്ധിക്കാറുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വയലുകൾക്ക് തീയിടുന്നതാണ് ഇത്രയും പുക വർദ്ധിക്കാൻ കാരണമാകുന്നതെന്ന് ദില്ലി അധികൃതർ പറയുന്നു. പുലർച്ചെയുള്ള പുകമഞ്ഞും പുകയും കൂടിച്ചേർന്ന് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന അവസ്ഥയാണുളളത്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാകുമെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു.  

click me!