
ലഖ്നൗ: ജയിലിനുള്ളിൽ തടവുപുള്ളികൾ മദ്യപിക്കുകയും ഫോൺ വിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവത്തെ തുടർന്ന് ആറ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വെടിവപ്പ് കേസിൽ ശിക്ഷ അനുഭവിക്കുന്ന അൻഷു ദീക്ഷിത്, സൊഹ്റാബ് എന്നിവരും മറ്റ് നാലുപേരുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണമെന്ന കാര്യവും ഇവരിലൊരാൾ ഫോണിലൂടെ പറയുന്നുണ്ട്.
ജയിലർക്ക് പതിനായിരം രൂപയും ഡെപ്യൂട്ടി ജയിലർക്ക് 5000 രൂപയും നൽകണമെന്നാണ് ഇവർ ഫോണിലൂടെ ആവശ്യപ്പെടുന്നത്. അതുപോലെ മദ്യമെത്തിക്കുന്ന കാര്യവും ആവശ്യപ്പെടുന്നുണ്ട്. സഹതടവുകാരിൽ ആരോ പകർത്തിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലുടനീളം പ്രചരിച്ചത്. തുടർന്ന് ആറ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ബീഹാർ പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ വെളിപ്പെടുത്തി.
സംഭവം വിവാദമായതോടെ ജയിൽ സൂപ്രണ്ടും റായ്ബറേലി ജില്ലാ മജിസ്ട്രേറ്റും ഉൾപ്പെടെയുള്ളവർ ജയിലിൽ സന്ദർശനം നടത്തുകയും വിവിധ സെല്ലുകളിൽ നിന്ന് സിഗററ്റ്, ലൈറ്ററുകൾ, പഴങ്ങൾ, പലഹാരങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവയെല്ലാം അനധികൃതമായ രീതിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam