
തിരുവനന്തപുരം: ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ജലന്ധർ ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞു. കന്യാസ്ത്രിയുടെ സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ് പിയും അറിയിച്ചു.
സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് വി.എസ്. അച്യുതാനന്ദന്‍ പിന്തുണ അറിയിച്ചു. സമരപ്പന്തലില്‍ വായിക്കാന്‍ സന്ദേശവും നല്‍കി. നേരിട്ടെത്താന്‍ കഴിയാത്തതിനാലാണ് സന്ദേശം നല്‍കുന്നതെന്ന് വിഎസ് പറഞ്ഞു.
ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ അന്വേഷണത്തിൽ കോടതി മേൽനോട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുളള ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. അന്വേഷണസംഘം മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു പ്രാഥമിക വാദം. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് കോടതി പറഞ്ഞു.
നിലവിലെ അന്വേഷണം തൃപ്തികരമാണ്. പ്രധാനപ്പെട്ട രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നില്ലെന്ന് ഹർജിക്കാർ വാദം ഉന്നയിച്ചപ്പോൾ അറസ്റ്റാണോ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണോ പ്രധാനമെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നടക്കാത്തതിന് അതിന്‍റേതായ കാരണങ്ങളുണ്ടാകാം. പ്രതിയായ ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യട്ടേയെന്നും അതിനു ശേഷം ഹർജികൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
2014നും 2016നും ഇടയിൽ നടന്ന സംഭവമാണെന്നും തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രികളുടെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. വരുന്ന 19ന് ബിഷപ്പിനെ ചോദ്യം ചെയ്തശേഷമുളള പൊലീസ് റിപ്പോർട്ടുകൂടി പരിഗണിക്കുന്നതിനായി ഹർജികൾ 24 ലേക്ക് മാറ്റി.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തിൽ അട്ടിമറി സംഭവിച്ചുവെന്ന് ആവർത്തിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പറഞ്ഞു. നീതി ലഭിക്കും വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam