ബന്ധുനിയമന വിവാദം; ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം: ഇ.പി ജയരാജന്‍

By Web TeamFirst Published Nov 4, 2018, 12:38 PM IST
Highlights

 ഇന്‍റര്‍വ്യൂവിന് വന്ന ഏഴുപേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീപിന് മാത്രമെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.ടി ജലീല്‍.

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെ അനുകൂലിച്ച് മന്ത്രി ഇ.പി ജയരാജന്‍. കെ.ടി ജലീലിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നാണ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലീഗിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ കെ.ടി ജലീല്‍ ഇന്‍റര്‍വ്യൂവിന് വന്ന ഏഴുപേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീപിന് മാത്രമെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പറഞ്ഞത്. പരസ്യം നൽകിയത് ജനറൽ മാനേജരുടെ യോഗ്യത പുനർ നിശ്ചയിച്ച് ഒരാഴ്ചയ്ക്കകമാണെന്നും കെ ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു. ലീഗിന്‍റെ പ്രകോപനത്തിന് കാരണം കിട്ടാക്കടം തിരിച്ചുപിടിക്കുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചതിന് പിന്നാലെ  ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച കെ.ടി അദീപിനെ രാജിവെപ്പിച്ചേക്കുമെന്നാണ് സൂചന. വിവാദം നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ പാർട്ടി നേതൃത്വം ഇടയുമെന്ന് ഭയന്നാണ് നീക്കം. 


 

click me!