ശബരിമല: വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പി ബി നൂഹ്

By Web TeamFirst Published Nov 4, 2018, 12:06 PM IST
Highlights

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് 144  പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 
 

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ്. നടതുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍,പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല്സ്ഥലങ്ങളില്‍ ആറാംതിയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് 144  പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 

ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദമാക്കി. സ്ത്രീ പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏ‍ജൻസികൾ റിപ്പോർട്ട് നല്‍കിയത്.

സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്ഐ,സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്നും സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ഡിജിപി അറിയിച്ചു.  
 

click me!