
കൊൽക്കത്ത: വനപാത മധ്യേ ബൈക്കിൽ നിന്നും വീണ നാലു വയസ്സുകാരിയെ കാട്ടാന കൂട്ടത്തിൽ നിന്നും രക്ഷിച്ച് കാട്ടുകൊമ്പൻ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം. വനപാതയിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഒരു ക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങുകയായിരുന്നു ബിസിനസുകാരനായ നിതുഘോഷും ഭാര്യ തിത്ലിയും മകൾ അഹാനയും. പെട്ടെന്നാണ് കാട്ടാനക്കൂട്ടം റോഡ‍് മുറിച്ചു കടന്നത്. ഇതുകണ്ട നിതു ഘോഷ് സ്കൂട്ടർ നിർത്തി.
കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നശേഷം ഘോഷ് യാത്ര തുടർന്നെങ്കിലും കുറച്ച് ആനകൾ പെട്ടെന്ന് റോഡിലെത്തിയതു കണ്ട് വേഗം ബ്രക്കിടുകയും മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു.
പെട്ടെന്ന് സംഘത്തിൽ നിന്നും ഒരു കാട്ടുകൊമ്പൻ അഹാനയെ തന്റെ നാലുകാലിനുള്ളിലാക്കി സംരക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റാനകൾ പോയ ശേഷമാണ് ആ കാട്ടുകൊമ്പൻ പിന്മാറിയത്.
അതേസമയം അപകടത്തിൽ സാരമായി പരിക്കേറ്റ മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് മിക്കപ്പോഴും കാട്ടാനകൾ റോഡ് മുറിച്ചു കടക്കാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam