
കാസർകോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ. കേരള പൊലീസിന്റെ ആസ്ഥാനത്ത് റോബോട്ട് പൊലീസിനെ വിന്യസിച്ച നടപടിയുമായി ബന്ധപ്പെടുത്തിയാണ് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ട് പൊലീസിന് സല്യൂട്ട് നൽകുന്ന ചിത്രത്തിനൊപ്പം 'ഇതുപോലെയുള്ള പാവകളിയല്ല സംസ്ഥാന പൊലീസിൽ വേണ്ടത്' എന്ന് പറഞ്ഞാണ് ബൽറാം കുറിപ്പ് ആരംഭിക്കുന്നത്.
വെറുമൊരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നതെന്നും വി ടി ബൽറാം ആരോപിക്കുന്നു. ഉദുമ എംഎൽഎ കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നും ബൽറാം ആവശ്യപ്പെടുന്നുണ്ട്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റൂ എന്ന് കൂട്ടിച്ചേർത്താണ് ബൽറാം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസിൽ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂർവ്വകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്.കാസർക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത് ഒരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാർട്ടി പറയാതെ അയാൾ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്.
കൊലപാതകത്തിന് ദിവസങ്ങൾ മാത്രം മുൻപ് സ്ഥലത്ത് വന്ന് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ കൃത്യമായ അന്വേഷണം വേണം. കൊലപാതക ദിവസം 15000 ലേറെപ്പേർ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എംഎൽഎ കുഞ്ഞിരാമൻ എന്തുകൊണ്ടാണ് അവസാന നിമിഷം പിൻവാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം.
ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവർത്തകനായ സജിയെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്. ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാൻ പോലീസ് അവസരം നൽകുകയാണ്. മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam