
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. രഞ്ജിനിക്കെതിരെ പരാതികിട്ടിയതായി തൃപ്പൂണിത്തുറ എസ്ഐ ബിജു കെ.ആര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. എന്നാല്‍ രഞ്ജിനി തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ് ബുക്ക് ലൈവ് ചെയ്തതെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തല്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ രഞ്ജിനി ഖേദം പ്രകടിപ്പിച്ചെന്നും പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എസ് ഐ ബിജു പറഞ്ഞു.
തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം രഞ്ജിനി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് എം. സ്വരാജ് എംഎല്‍എ ക്യാമ്പിലെത്തി രഞ്ജിനിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു എം സ്വരാജ് എംഎല്‍എയുടെ വാക്കുകള്‍. ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിന് അതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണ് തൃപ്പൂണിത്തുറയിലേത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam