
മുംബൈ: കൃഷി ചെയ്തുണ്ടാക്കിയ ഉള്ളിക്ക് ന്യായമായ വില ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് കർഷകൻ വിറ്റു കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ചുരുക്കം ചില കർഷകരിൽ ഒരാളായ സഞ്ജയ് സേത് ആണ് ഉളളി വില ഇടിയുന്നതിനതിരെ പ്രതിഷേധം അറിയിച്ചത്. മുംബൈ നാസിക്ക് ജില്ലയിലെ നിപാട് ടെഹ്സ് സ്വദേശിയാണ് സഞ്ജയ് സേത്.
“ഇത്തവണ 750 കിലോ ഉളളിയാണ് കൃഷി ചെയ്തത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് വില പറഞ്ഞത്. വില പേശി അത് 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ 1064 രൂപ മാത്രമാണ് കൈയ്യിൽ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു. നീണ്ട നാല് മാസത്തെ കഷ്‌ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിൻ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഒാർഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിനിധീകരിക്കുന്നില്ലെന്നും കർഷകന്റെ കഷ്ടതയിൽ സർക്കാർ വെച്ചുപുലർത്തുന്ന ഉദാസീനതയിൽ താൻ രോഷാകുലനാണെന്നും സേത് വ്യക്തമാക്കി. നവംബർ 29 ന് നിപാദിലെ പോസ്റ്റ് ഓഫീസ് വഴിയാണ് അദ്ദേഹം പണമയച്ചത്. ഇന്ത്യയിലെ ഉളളി ഉൽപ്പാദനത്തിന്റെ 50 ശതമാനവും നാസികിൽ നിന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam