
ദില്ലി: എക്സ്‍പ്രസ് വേ വിപുലീകരണത്തിനായി വിട്ടുനൽകിയ സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അതിർത്തിപ്രദേശങ്ങളിൽ നിന്നുള്ള കർഷകരുടെ വൻ റാലി ദില്ലി നഗരത്തെ സ്തംഭിപ്പിച്ചു. ദില്ലിയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്സ്‍പ്രസ് വേയുടെ വിപുലീകരണത്തിനായി സ്ഥലം നഷ്ടപ്പെട്ട കർഷകരാണ് ബജറ്റ് ദിനത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കേന്ദ്രബജറ്റിൽ എൻഡിഎ സർക്കാർ കർഷകർക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തിയ അതേ ദിവസമാണ് കർഷകപ്രതിഷേധം എന്നതും ശ്രദ്ധേയം.
ദില്ലിയെയും നോയ്‍ഡയെയും ബന്ധിപ്പിക്കുന്ന ഡിഎൻഡി ഫ്ലൈവേ ഇന്ന് അടച്ചിട്ടു. ഈ വഴിയിലൂടെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യുമെന്നാണ് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കർഷകർ തെരുവിലിറങ്ങിയത് ദില്ലിയെ അക്ഷരാർഥത്തിൽ നിശ്ചലമാക്കി. മെട്രോ ട്രെയിനുകളല്ലാതെ നോയ്‍ഡ ഭാഗത്തേയ്ക്ക് മറ്റൊരു വാഹനത്തിനും കടക്കാനാവാത്ത അവസ്ഥയായിരുന്നു. ദില്ലി - നോയ്‍ഡ പാതയിലെ രജനീഗന്ധ ചൌക്ക് ഉൾപ്പടെ നിരവധി റോഡുകൾ പൂർണമായും സ്തംഭിച്ചു.
ദില്ലി - ഉത്തർപ്രദേശ് അതിർത്തിപ്രദേശമായ നോയ്‍ഡയെയും ആഗ്രയെയും ബന്ധിപ്പിക്കുന്ന യമുന എക്സ്‍പ്രസ് വേ വിപുലീകരണത്തിനായാണ് പ്രദേശത്തെ നിരവധി കർഷകരിൽ നിന്ന് ഉത്തർപ്രദേശ് സർക്കാർ വലിയ തോതിൽ സ്ഥലമേറ്റെടുത്തത്. ഇവരിൽ പലർക്കും തുച്ഛമായ നഷ്ടപരിഹാരമാണ് നൽകിയതെന്നും, ഇപ്പോൾ നൽകിയതിന്‍റെ മൂന്നിരട്ടി തുകയെങ്കിലും തരാതെ വേറെ ഒരിടത്ത് പോയി സ്ഥലം വാങ്ങി കൃഷി തുടങ്ങാനാകില്ലെന്നുമാണ് കർഷകർ പറയുന്നത്.
ഈ സമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2015 മെയ് 7-ന് ഇവിടെ നടന്ന കർഷകപ്രതിഷേധത്തിൽ ഒരു കർഷകനും രണ്ട് പൊലീസുദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam