'സിസ്റ്റര്‍ ലിസിയെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല'; ആരോപണം നിഷേധിച്ച് എഫ്സിസി സന്യാസിനി സമൂഹം

By Web TeamFirst Published Feb 21, 2019, 8:57 AM IST
Highlights

സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലിൽ പാര്‍പ്പിച്ചിട്ടില്ലെന്ന് എഫ്സിസി സന്യാസിനി സമൂഹം. ബിഷപ്പിനെതിരെ സിസ്റ്റര്‍ മൊഴി നല്‍കിയത് മഠം അറിയാതെയാണെന്നും സന്യാസിനി സമൂഹം.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ്(എഫ്സിസി) സന്യാസിനി സമൂഹം. ലിസി വടക്കേലിന്‍റെ സ്ഥലം മാറ്റത്തിന് ബിഷപ്പ് കേസുമായി ബന്ധമില്ലെന്നും സഭയിൽ വഴി മാറി നടന്ന സിസ്റ്റർ ലിസിയെ തിരുത്തൽ നടപടി എന്ന നിലയിലാണ് സ്ഥലം മാറ്റിയതെന്നും എഫ്സിസി സന്യാസിനി സമൂഹം വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

സീറോ മലബാർ സഭാംഗമായ ലിസി വടക്കേലിനെ മൂവാറ്റുപുഴയിലെ മഠത്തിലെത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് മോചിപ്പിച്ചത്. ലിസി  വടക്കേലിനെ തടങ്കലിൽ പാർപ്പിച്ചുവെന്ന സഹോദന്‍റെ പരാതിയിലായിരുന്നു പൊലീസ് നടപടി. ബിഷപ്പ് ഫ്രാങ്കോ കേസിൽ സാക്ഷി മൊഴി നൽകിയതിലുള്ള പ്രതികാരമായാണ് തന്നെ തടങ്കലിൽ  പാർപ്പിച്ചതെന്നായിരുന്നു ലിസിയുടെ മൊഴി. ബിഷപ്പ് കേസിൽ മൊഴി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു വിദജയവാ‍ഡയിലേക്കുള്ള സിസ്റ്ററിന്‍റെ സ്ഥലം മാറ്റം. കന്യാസ്ത്രീയുടെ പരാതിയിൽ സന്നാസിനി സമൂഹത്തിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിശദീകരണവുമായി മഠം രംഗത്ത് വരുന്നത്. 

ലിസി വടക്കേലിന്‍റെ സ്ഥലംമാറ്റവും ഫ്രാങ്കോ കേസുമായി ബന്ധമില്ല. ബിഷപ്പ് കേസിൽ സിസ്റ്റർ മൊഴി നൽകിയത് മദർ സുപ്പിരിയർ പൊലും അറിയാതെയാണ്. ജനുവരി 25ന് സ്ഥലം മാറ്റ അറിയിപ്പ് കൈമാറിയപ്പോള്‍ മാത്രാണ് ലിസി താൻ കേസിൽ സാക്ഷിയാണെന്ന കാര്യം മഠത്തെ അറിയിച്ചത്. അതിനാൽ സ്ഥലംമാറ്റവും കേസും തമ്മിൽ യാതൊരു ബന്ധവും ഇല്ല. സനാസിനി സമൂഹത്തിൽ നിന്ന് വഴി മാറി നടന്ന സിസ്റ്ററിന് തിരുത്തലിനുള്ള അവസരം എന്ന നിലയിലാണ് സ്ഥലംമാറ്റം നൽകിയതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. 

ഫെബ്രു 12ന് വിജയവാ‍ഡയിൽ പുതിയ ജോലിയിൽ പ്രവേശിച്ച സിസ്റ്റർ 15ന്   മഠം അധികൃതർ അറിയാതെയാണ് മൂവാറ്റുപുഴ മഠത്തിലെത്തിയത്. ഇതിനിടയിൽ സിസ്റ്റർ രോഗബാധിതയായ അമ്മയെ കാണുകയും മഠത്തിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി18ന് ഉച്ചയോടെ ലിസിയുടെ സഹോദരൻ മഠത്തിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും എഫ്സിസി സന്യാസിനി സമൂഹം ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ അൽഫോൻസയുടെ പേരിലാണ് വാർത്താക്കുറിപ്പ്.

click me!