കിസാൻ പദ്ധതിയുടെ ഉദ്ഘാടനത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിൽ തർക്കം, വാക്പോര്

By Web TeamFirst Published Feb 24, 2019, 3:00 PM IST
Highlights

വൈക്കത്ത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചപ്പോൾ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സമാന്തര ഉദ്ഘാടനം നടത്തി. 

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ കിസാൻ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി തർക്കം. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി കോട്ടയത്ത് നിർവ്വഹിച്ചപ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധികളെ വിളിക്കാതെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കഴക്കൂട്ടത്ത് സമാന്തര ഉദ്ഘാടനം നടത്തി. കണ്ണന്താനത്തിന്‍റെ നടപടി രാഷ്ട്രീയ അല്പത്തമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ വിമർശിച്ചു.

കർഷകർക്ക് പ്രതിവ‌ർഷം ആറായിരം രൂപ നൽകുന്ന കിസാൻ സമ്മാനനിധിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഗോരഖ്‍പൂരിലാണ് നിർവ്വഹിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷക രോഷം തണുപ്പിക്കാനുള്ള ബിജെപി നീക്കത്തിന്‍റെ ഫലമാണ് പദ്ധതി. സംസ്ഥാനത്താകട്ടെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. വൈക്കത്ത് കൃഷിമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചതിനൊപ്പം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സമാന്തര ഉദ്ഘാടനം നടത്തി.

ഇത് രാഷ്ട്രീയ അൽപത്തമാണെന്ന് കൃഷിമന്ത്രി ആ‌ഞ്ഞടിച്ചു. കേരളത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നെങ്കിൽ അത് സർക്കാരിനെ അറിയിക്കണ്ടേ? ഇത് രാഷ്ട്രീയമായ പക്വതയില്ലായ്മയും ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന തരം അൽപത്തരവുമാണ്. - സുനിൽകുമാർ വിമർശിച്ചു. 

കഴക്കൂട്ടത്തെ പരിപാടിയിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധികളെ വിളിച്ചിരുന്നില്ലെന്ന് കൃഷിമന്ത്രിയും സ്ഥലം എംഎൽഎയും കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമർശിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.

എന്നാൽ പദ്ധതി ഉദ്ഘാടനം നടന്നത് ഗൊരഖ്‍പൂരിലാണ്, വേണമെങ്കിൽ കൃഷിമന്ത്രിയും കടകംപള്ളി സുരേന്ദ്രനും ഗൊരഖ്‍പൂരിൽ പോകട്ടെ എന്നാണ് മന്ത്രി കണ്ണന്താനം പ്രതികരിച്ചത്. താനും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് ലൈവായി ഒരുമിച്ച് വീക്ഷിക്കുകയായിരുന്നെന്നും കണ്ണന്താനം വ്യക്തമാക്കി.

പദ്ധതിയിൽ ആളെ ചേർക്കാനടക്കം കൃഷി ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. കേന്ദ്ര സർ‍ക്കാർ പദ്ധതി ബിജെപി പരിപാടിയാക്കിയെന്നാണ് സംസ്ഥാന സർക്കാറിന്‍റെ പ്രധാന വിമർശനം. 

click me!