
കോട്ടയം: എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വി ടി ബൽറാമിനെതിരെ നിശ്ശിതമായ വിമർശനവും പരിഹാസവുമായാണ് കെ ആർ മീരയുടെ പുതിയ പ്രതികരണം. 'വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?' എന്നാണ് കെ ആർ മീരയുടെ ചോദ്യം.
ബൽറാമിനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് പകരം താൻ ഉപവാസം തുടങ്ങാമെന്നും കെ ആർ മീര പറയുന്നു. പക്ഷേ അതിന് എഴുത്തുകാരിക്ക് മൂന്ന് നിബന്ധനകളുണ്ട്.
1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ.
2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.
3. മഹീന്‍ അബൂബക്കര്‍, അഷ്റഫ് അഫ്ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള വി ടി ബൽറാമിന്‍റെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.
വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണെന്ന് കെ ആർ മീര എഴുതുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി രാഹുൽ ഹാന്ധി നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ ആ പ്രത്യാശ ഇരട്ടിച്ചിരുന്നു. പക്ഷേ, തൊട്ടുപിന്നാലെയാണ് വി ടി ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ (പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തെറികൾ...), എന്നു തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചതെന്ന് കെ ആർ മീര പരിഹസിച്ചു.
ബലറാമിന്‍റെ കമന്‍റിന് പിന്നാലെ നിമിഷം തോറും പത്തും മുപ്പതും കമന്‍റുകള്‍ വന്നു. എല്ലാ കമന്‍റുകള്‍ക്കും ഒരേ ഭാഷ ആയിരുന്നു. ‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം. നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്സെഷന്‍. തനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ കെ ആന്‍റണി. അദ്ദേഹത്തിന്‍റെ മകൻ അനിൽ ആന്‍റണിക്കാണ് കോണ്‍ഗ്രസിന്‍റെ ഐ ടി സെല്ലിന്‍റെ ചുമതല. അനില്‍ ആന്‍റണിയോട് ഒരു അപേക്ഷയുണ്ട്. കമന്‍റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേയെന്നും കെ ആർ മീര പരിഹസിച്ചു.
കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam