കലക്ടർ നടപടിയെടുത്തില്ല: ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തലിനെതിരെ പരാതിക്കാർ വീണ്ടും ഹരിത ട്രിബ്യൂണലിൽ

By Web TeamFirst Published Feb 24, 2019, 2:56 PM IST
Highlights

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് വന്ന് ഒരു മാസം പിന്നിട്ടിട്ടും  ടെക്നോപാ‍ക്കിന്‍റെ നിർമ്മാണം നിർത്തിവെക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. 

തിരുവനന്തപുരം: ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തലിനെതിരെ നടപടിയെടുക്കാതെ ജില്ലാ കളക്ടർ. ഉത്തരവ് വന്ന് ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കളക്ടർക്കെതിരെ പരാതിക്കാർ വീണ്ടും ഹരിത ട്രിബ്യൂണലിനെ സമീപിച്ചു.

തണ്ണീർത്തടം നികത്തിയുള്ള ടെക്നോപാക്കിന്‍റെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 19 നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവ് വന്ന് ഒരു മാസം പിന്നിട്ടിട്ടും ടെക്നോപാ‍ക്കിന്‍റെ നിർമ്മാണം നിർത്തിവെക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. 

10 ഏക്കർ കുളം ഉൾപ്പെടെ 20 ഏക്കർ നിലം നികത്തിയാണ് നിർമ്മാണം നടത്തുന്നത്. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ തെറ്റിയാർ ഉൾപ്പെടെ നികത്തിക്കഴിഞ്ഞു. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

എന്നാൽ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് നിർമ്മാണത്തിന് അനുമതി നൽകിയതെന്ന് ജില്ലാ കലക്ടർ വിശദീകരിച്ചു. ഹരിത ട്രിബ്യൂണലിന്‍റെ നോട്ടീസിൽ സർക്കാരിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും നിലപാട് അറിഞ്ഞ ശേഷം മറുപടി നൽകുമെന്നും കലക്ടർ കെ വാസുകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

click me!