സിനിമ തീയറ്റര്‍; സൗദിയില്‍ നിയമാവലിക്ക് അംഗീകാരം

By Web DeskFirst Published Mar 3, 2018, 12:06 AM IST
Highlights
  • മൂന്നുതരം ലൈസന്‍സുകളാണ് അനുവദിക്കുക

സൗദി: സൗദിയില്‍ സിനിമ തീയറ്റര്‍ അനുവദിക്കാനുള്ള നിയമാവലിക്ക് അംഗീകാരം. സിനിമാ തീയറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും നടത്തുന്നതിനും മൂന്നുതരം ലൈസന്‍സുകളാണ് അനുവദിക്കുകയെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച നിയമാവലി വ്യക്തമാക്കുന്നു. സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് രാജ്യത്ത് സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്.

തീയറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ്, സ്ഥിരം അല്ലെങ്കില്‍ താല്‍ക്കാലിക തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ്, തീയറ്റര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് എന്നിവയാണിവ. സാംസ്‌കാരിക സമ്പന്നതയ്ക്കും സര്‍ഗാത്മക വളര്‍ച്ചക്കും സിനിമാ മേഖല പ്രധാനമാണെന്ന് സാംസ്ക്കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ.അവാദ് അല്‍ അവാദ് പറഞ്ഞു. 

തീയേറ്റര്‍- സിനിമ മേഖലയില്‍ 2030ഓടെ 30,000 സ്ഥിരം തൊഴിലവസരങ്ങളും 130,000 ലേറെ താല്ക്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 9000 കോടിയിലേറെ റിയാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന് സിനിമ മേഖല സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആഭ്യന്തര മന്ത്രാലയം, ധന മന്ത്രാലയം, മുനിസിപ്പല്‍- ഗ്രാമ മന്ത്രാലം, സിവില്‍ ഡിഫന്‍സ്, കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സിനിമാ തീയറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമാവലി പൂര്‍ത്തിയാക്കിയത്. മൂല്യങ്ങള്‍ക്ക് നിരക്കാത്ത സിനിമകള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

click me!