
ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണാടകയില്‍ സ്വന്തം പാര്‍ട്ടിക്കാരനായ എംഎല്‍എയെ തല്ലിയതിന് കോണ്‍ഗ്രസ് എംഎല്‍എയായ ജെ എന്‍ ഗണേഷിനെതിരെ കേസ്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് സിംഗിനെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗണേഷിനെതിരെ കേസെടുത്തത്.
അപ്പോളോ ആശുപത്രിയിലാണ് ആനന്ദ് സിംഗിനെ പ്രവേശിപ്പിച്ചത്. എംഎല്‍എമാരായ ജെ എന്‍ ഗണേഷുമായും ഭീമ നായിക്കുമായും ആനന്ദ് സിംഗ് കലഹത്തിലേര്‍പ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ണാടകയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ വഴക്ക് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
കുപ്പി കൊണ്ട് ഗണേഷ് ആനന്ദ് സിംഗിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംഭവം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പുരോഗമിച്ചതോടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് എംഎല്‍എമാര്‍ തമ്മിലുള്ള വാക്കുത്തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. രമേശ് ജാര്‍ക്കിഹോളിയോടൊപ്പം ചേര്‍ന്ന് ആനന്ദ് സിംഗ് ബിജെപിയിലേക്ക് ശ്രമിച്ചുവെന്ന് ഗണേഷ് ആക്ഷേപിച്ചതാണ് വാക്കുത്തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മാപ്പ് പറയാന്‍ തയാറാണെന്ന് ഗണേഷ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
അതേസമയം കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമാർ ബിഡദിയിലെ റിസോർട്ടിൽ നിന്ന് മടങ്ങി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് മൂന്ന് ദിവസത്തെ റിസോർട്ട് വാസം അവസാനിപ്പിക്കാൻ തീരുമാനമായത്.
ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് എംഎൽഎമാർക്ക് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഓരോ എംഎൽഎമാരായും പ്രത്യേകം സംസാരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam